Sorry, you need to enable JavaScript to visit this website.

സമൂഹ മാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റ ചട്ടം മൂന്ന് മാസത്തിനകമെന്ന് കേന്ദ്രം

ന്യൂദല്‍ഹി- സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചരണം, വ്യാജ വാര്‍ത്ത, അപകീര്‍ത്തി പോസ്റ്റുകള്‍, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിന് മൂന്ന് മാസങ്ങള്‍ക്കകം പെരുമാറ്റ ചട്ടം കൊണ്ടു വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതില്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇതു നിയന്ത്രിക്കേണ്ടത് ദേശീയ സുരക്ഷയ്ക്ക് ആവശ്യമാണെന്നും കേന്ദ്രം സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതു തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനു മറുപടി ആയാണ് സത്യവാങ്മൂലം സമര്‍പിച്ചത്.

രാജ്യ താല്‍പര്യങ്ങളും വ്യക്തികളുടെ സ്വകാര്യതയും സംരക്ഷിക്കാനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പിക്കാന്‍ നേരത്തെ കോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചിരുന്നു. സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റത്തോടൊപ്പമുള്ള ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയും വ്യാജ വാര്‍ത്തകളുടെ വ്യാപനവും ജനാധിപത്യ സംവിധാനത്തിന് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തുള്ള ഒരു ഭീഷണിയായി വളര്‍ന്നിരിക്കുന്നു. ഇതിലുള്‍പ്പെട്ട സങ്കീര്‍ണതകള്‍ കണക്കിലെടുക്കുമ്പോള്‍ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മൂന്ന് മാസത്തെ സമയം ആവശ്യമാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു.
 

Latest News