ബെയ്‌റൂത്ത്- ലെബനോനില്‍ ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാന്‍ സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുമായി പ്രധാനമന്ത്രി സഅദ് ഹരീരി. സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം ബഹുജന പ്രതിഷേധം തുടരുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ മുമ്പാകെയാണ് പ്രധനമന്ത്രി പരിഷ്‌കരണ പദ്ധതി സമര്‍പ്പിച്ചത്.
മുന്‍ മന്ത്രിമാരുടെ ശമ്പളം 50 ശതമാനം കുറയ്ക്കുക, ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും 25 ശതമാനം നികുതി ഏര്‍പ്പെടുത്തുക, ജഡ്ജിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ശമ്പള പരിധി നിശ്ചയിക്കുക; സൈന്യത്തിനും സുരക്ഷാ സേനയ്ക്കുമുള്ള എല്ലാ പെന്‍ഷന്‍ വെട്ടിക്കുറവുകളും അവസാനിപ്പിക്കുക എന്നിവ പ്രധാനമന്ത്രി മുന്നോട്ടുവെച്ച പരിഷ്‌കരണ നടപടികളില്‍ ഉള്‍പ്പെടും.
വാര്‍ത്താ വിതരണ മന്ത്രാലയം ഉള്‍പ്പെടെ നിരവധി മന്ത്രാലയങ്ങളും സര്‍ക്കാര്‍ കൗണ്‍സിലുകളും റദ്ദാക്കുമെന്നും കരടു രേഖയില്‍ പറയുന്നു.
സര്‍ക്കാരില്‍ പങ്കാളിത്തം വഹിക്കുന്ന കക്ഷികള്‍ പരിഷ്‌കരണ പരിപാടികളെ ഗൗരവത്തിലെടുക്കാന്‍ 72 മണിക്കൂര്‍ സമയം നല്‍കി രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് ഹരീരി പരിഷ്‌കരണ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
പ്രതിഷേധം ആരംഭിച്ചതിനുശേഷം നടത്തിയ ആദ്യത്തെ പ്രസംഗത്തില്‍ സര്‍ക്കാരില്‍ പങ്കാളിത്തം വഹിക്കുന്ന കക്ഷികളെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ലെബനോന്‍ ജനത ധാരാളം അവസരങ്ങള്‍ നല്‍കിയെന്നും പരിഷ്‌കരണവും തൊഴിലവസരങ്ങളുമാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നും ഹരീരി പറഞ്ഞു.
പരിഹാരങ്ങള്‍ക്കായി സര്‍ക്കാരിലെ പങ്കാളികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ ലെബനോന്‍ സര്‍ക്കാരിന്റെ ഭാവി ചോദ്യം ചെയ്യുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
തന്റെ ഫ്യൂച്ചര്‍ പാര്‍ട്ടിയും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും ഫ്യൂച്ചര്‍ പാട്രിയോട്ടിക് മൂവ്‌മെന്റും ഉള്‍പ്പെടുന്ന ബഹുകക്ഷി സംവിധാനത്തിനാണ് ഹരീരി നേതൃത്വം നല്‍കുന്നത്.
രാജ്യം പ്രയാസകരവുമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പരിഷ്‌കാരങ്ങളെന്നാല്‍ നികുതികളല്ലെന്ന് പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കുകയാണെന്നും ഹരീരി പറഞ്ഞു. നികുതി വര്‍ധനക്കും അഴിമതിക്കുമെതിരെ തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തലസ്ഥാനമായ ബെയ്‌റൂത്തില്‍ ആയിരങ്ങളാണ് മാര്‍ച്ച് നടത്തിയത്. പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
വാട്ട്‌സ്ആപ്പ് വഴിയും മറ്റുമുള്ള കാളുകള്‍ക്ക് 0.20 ഡോളര്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെതിരെ വ്യാഴാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങളാണ് നടന്നത്. പദ്ധതി പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ ഉടന്‍ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാരുടെ ആവശ്യം സമൂല രാഷ്ട്രീയ പരിഷ്‌കരണമായി മാറുകയായിരുന്നു.