Sorry, you need to enable JavaScript to visit this website.

മലയാളി ഡോക്ടര്‍ അജ്മാനില്‍ ഡ്യൂട്ടിക്കിടെ മരിച്ചു; വിടവാങ്ങിയത് ജനകീയ ഡോക്ടര്‍, വിശ്വസിക്കാനാവാതെ പ്രവാസികള്‍

അജ്മാന്‍- യുഎഇ ആതുരസേവന രംഗത്ത് നാലു പതിറ്റാണ്ടു കാലം കര്‍മനിരതനായ ജനകീയനായ മലയാളി ഡോക്ടര്‍ അബ്ദുല്‍ ഗഫൂര്‍ (71) ഡ്യൂട്ടിക്കിടെ മരിച്ചു. ജോലി ചെയ്തിരുന്ന അജ്മാനിലെ മോഡേണ്‍ മെഡിക്കല്‍ സെന്ററില്‍ വച്ച് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഡ്യൂട്ടിക്കിടെ ദേഹാസ്വസ്ഥ്യമുണ്ടായി. സഹപ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തി. ഹൃദയമിടിപ്പില്‍ താളപ്പിഴ കണ്ടതോടെ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അവിടെ എത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ഡോക്ടര്‍ ഗഫൂര്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഡോക്ടറുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണെന്നും പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണ് ഈ വിയോഗമെന്നും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഖബറടക്കം അജ്മാനില്‍.

1972ല്‍ പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ഗഫൂര്‍ മൂന്ന് വര്‍ഷം കേരളത്തില്‍ പ്രാക്ടീസ് ചെയ്ത ശേഷമാണ് യുഎഇയിലെത്തിയത്. ആരോഗ്യ വകുപ്പില്‍ ജനറല്‍ പ്രാക്ടീഷനറായി തുടങ്ങി വിവിധ ആശുപത്രികളില്‍ സേവനം ചെയ്തു. വിരമിച്ച ശേഷമാണ് മോഡേണ്‍ മെഡിക്കല്‍ സെന്ററില്‍ സേവനം തുടങ്ങിയത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഒരു മകന്‍ രണ്ട് വര്‍ഷം മുമ്പ് കാനഡയില്‍ ഒരു റോഡപകടത്തില്‍ മരിച്ചിരുന്നു.
 

Latest News