ന്യൂദല്‍ഹി- രാമജന്മഭൂമി-ബാബരി മസ്ജിദ് കേസില്‍ തര്‍ക്കഭൂമി മുഴുവനായി വിട്ടുകിട്ടണമെന്ന ആവശ്യവുമായി രാം ലല്ല വിരാജ്മാന്‍ സുപ്രീം കോടതിയില്‍. ശൈശവ രാമനെ പ്രതിനിധീകരിക്കുന്ന രം ലല്ലാ വിരാജ്മാന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ചു സത്യവാങ്മൂലം നല്‍കി. രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി തര്‍ക്കഭൂമി കൈമാറണമെന്ന് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് നിലവിലില്ലാത്തതിനാല്‍ മുസ്്‌ലിം അപേക്ഷകര്‍ക്ക് ഭൂമിയോ തുല്യമായ ആശ്വാസമോ ലഭിക്കില്ലെന്ന് ഹിന്ദു കക്ഷിയുടെ അഭിഭാഷകര്‍ വാദിക്കുന്നു.
ശ്രീരാമന്റെ ജന്മസ്ഥലത്തെ ഒരു നിയമ വ്യവസ്ഥയായി കണക്കാക്കാമോ എന്ന് ചോദ്യം ചെയ്തതിനാല്‍ നിര്‍മോഹി അഖാരക്ക് ഭൂമി നല്‍കരുതെന്നും അഭിഭാഷകര്‍ പറഞ്ഞു. അയോധ്യ ഒരു പുണ്യ സ്ഥലമാണ്. ഇത് തീര്‍ഥാടന കേന്ദ്രമാണ്. ക്ഷേത്രത്തിന്റെയോ വിഗ്രഹത്തിന്റെയോ അഭാവത്തില്‍ പോലും അയോധ്യക്ക് ദിവ്യവും ആത്മീയവുമായ പ്രാധാന്യമുണ്ടെന്നത് ഹിന്ദുക്കളുടെ വിശ്വാസമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
തര്‍ക്ക സ്ഥലത്ത് പള്ളി പുനര്‍നിര്‍മിക്കുന്നത് നീതികേടും ഹിന്ദു ധര്‍മങ്ങള്‍ക്കും മുസ്്‌ലിം നിയമത്തിന് തന്നെയും എതിരാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുഴുവന്‍ സ്ഥലവും രാമജന്‍മ സ്ഥലമായി കണക്കാക്കി ആരാധനക്കായി തങ്ങള്‍ക്കു വിട്ടുനല്‍കണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.