സഞ്ജു സാംസൺ എന്ന മലയാളി വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ അദ്ഭുതമാണ്. താൻ ഇവിടെയുണ്ട് എന്ന് ഇടക്കിടെ ഓർമിപ്പിക്കുന്ന തകർപ്പൻ പ്രകടനങ്ങൾ സഞ്ജു പുറത്തെടുത്തു കൊണ്ടേയിരിക്കും. അതിനു ശേഷം ഉൾവലിയുമെന്നതാണ് പ്രശ്‌നം. സ്ഥിരതയാണ് സഞ്ജുവിന് വേണ്ടത്.
ഗോവക്കെതിരെ വിജയ് ഹസാരെ ട്രോഫിയിലെ കിടിലൻ ഇരട്ട സെഞ്ചുറിയിലൂടെ സഞ്ജു വീണ്ടും സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചിരിക്കുകയാണ്. ആ ഫോം തുടരുമോയെന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. അതിനു ശേഷമുള്ള രണ്ട് ഇന്നിംഗ്‌സിലും പരാജയമായി. ഇന്ത്യയിലെ യുവ വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാന്മാരിൽ സഞ്ജുവിനെ പോലെ ഐ.പി.എല്ലിലും ആഭ്യന്തര മത്സരങ്ങളിലും കഴിവ് തെളിയിച്ച മറ്റൊരു കളിക്കാരനില്ല. അണ്ടർ-19 തലം മുതൽ സഞ്ജു ഇന്ത്യൻ സെലക്ടർമാരുടെ ശ്രദ്ധയിലുണ്ട്. ടെക്‌നിക്കിലും ടൈമിംഗിലും മറ്റാരുടെയും പിന്നിലല്ലെന്ന് സഞ്ജു പലതവണ തെളിയിച്ചിട്ടുണ്ട്.
കേരളത്തിന്റെ അണ്ടർ-19 ടീമിലായിരുന്നു സഞ്ജുവിന്റെ രംഗപ്രവേശം. 2011 നവംബറിൽ വിദർഭക്കെതിരെ കേരളത്തിന്റെ രഞ്ജി ടീമിൽ അരങ്ങേറി. 53 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ മൂവായിരത്തോളം റൺസ് നേടിയിട്ടുണ്ട്. കൂച്ച്‌ബെഹാർ ട്രോഫിയിലെ മികച്ച പ്രകടനം 2012 ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ-19 ടീമിൽ സ്ഥാനം നേടിക്കൊടുത്തു. അവിടെ നിന്ന് ഇന്ത്യൻ ടീമിലേക്കുള്ള പ്രയാണം എളുപ്പമാവേണ്ടതായിരുന്നു. എന്നാൽ ഏഷ്യാ കപ്പിൽ സഞ്ജു നിരാശപ്പെടുത്തി. മൂന്ന് ഇന്നിംഗ്‌സിലായി നേടിയത് വെറും 14 റൺസായിരുന്നു. അണ്ടർ-19 ലോകകപ്പ് ടീമിൽ സ്ഥാനം നേടാൻ സഞ്ജുവിന് സാധിച്ചില്ല.
ദൽഹിയിലായിരുന്നു സഞ്ജു ക്രിക്കറ്റിന്റെ ബാലപാഠം അഭ്യസിച്ചത്. ദൽഹി പോലീസിൽ കോൺസ്റ്റബിളായിരുന്നു പിതാവ്. നല്ല ഫുട്‌ബോളറുമായിരുന്നു. കുടുംബം തിരുവനന്തപുരത്ത് താമസം മാറിയ ശേഷം സഞ്ജു ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. രഞ്ജിയിൽ ഹിമാചൽപ്രദേശിനെതിരായ കന്നി സെഞ്ചുറി ഏറെ പ്രകീർത്തിക്കപ്പെട്ടു. പെയ്‌സ്ബൗളിംഗിനെ അമിതമായി തുണച്ച പിച്ചിൽ സഞ്ജുവിന്റെ സാങ്കേതിക മികവ് പൂർണമായും പരീക്ഷിക്കപ്പെട്ടു. അരങ്ങേറ്റ സീസണിൽ രണ്ട് സെഞ്ചുറിയുമായി തിളങ്ങി.
അടുത്ത ചുവട് ഐ.പി.എല്ലായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലായിരുന്നു സഞ്ജുവിന്റെ തുടക്കം. എന്നാൽ അവിടെ അവസരം കിട്ടിയില്ല. 2013 ലെ ലേലത്തിൽ രാജസ്ഥാൻ റോയൽസിൽ എത്തിയതോടെയാണ് സമയം തെളിഞ്ഞത്. രാഹുൽ ദ്രാവിഡിന്റെ മേൽനോട്ടത്തിൽ സഞ്ജുവിന്റെ കഴിവ് വികസിച്ചു. 2013 ലെ ൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ 41 പന്തിൽ 63 റൺസടിച്ചത് വലിയ പ്രശംസ നേടി. ഈ കളിക്കാരനെ ശ്രദ്ധിച്ചോളൂ എന്ന് ദ്രാവിഡ് പലതവണ പറഞ്ഞു. 2014 ലെ ഐ.പി.എൽ സീസണിലെയും ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയയിലെയും പ്രകടനം സഞ്ജുവിനെ ഇന്ത്യൻ സീനിയർ ടീമിലേക്ക് ഒരു പടി കൂടി അടുപ്പിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ എം.എസ് ധോണിയുടെ റിസർവായി ക്ഷണം ലഭിച്ചു. എങ്കിലും ഒരു കളിയിലും ഇറങ്ങിയില്ല. പിന്നീട് ദിനേശ് കാർത്തികും റിഷഭ് പന്തും വൃദ്ധിമാൻ സാഹയുമൊക്കെ സഞ്ജുവിനെ മറികടന്ന് ടീമിലെത്തി.
ഇത്ര വലിയ പ്രതീക്ഷ നൽകിയിട്ടും സഞ്ജുവിന് അവസാന ചുവട് വെക്കാൻ സാധിക്കാത്തത് സ്ഥിരതയില്ലായ്മ കൊണ്ടാണ്. പലപ്പോഴും ആവേശം സഞ്ജുവിനെ കീഴടക്കുന്നുണ്ട്. ഒരു കളിക്കാരനും സാഹസം കാണിക്കാതിരിക്കാൻ സാധിക്കില്ല. കണക്കുകൂട്ടിയുള്ള സാഹസമായിരിക്കണമെന്നതാണ് പ്രശ്‌നം.
ടെസ്റ്റ് ടീമിൽ വൃദ്ധിമാൻ സാഹക്ക് 34 വയസ്സായി. നല്ലൊരു വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാനെ ടീമിന് ആവശ്യമുണ്ട്. റിഷഭ് പന്തിലായിരുന്നു ടീമിന് വലിയ പ്രതീക്ഷയുണ്ടായിരുന്നത്. എന്നാൽ റിഷഭിന്റെ വിക്കറ്റ്കീപ്പിംഗ് ഏറെ മെച്ചപ്പെടാനുണ്ട്. ബാറ്റിംഗിൽ പലപ്പോഴും വിക്കറ്റ് വലിച്ചെറിയുന്നത് ടീം മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിട്ടുണ്ട്. സഞ്ജുവിന് കാര്യങ്ങൾ എളുപ്പമാവില്ല. ഇശാൻ കിഷനെയും കെ.എസ് ഭരതിനെയും പോലുള്ള യുവ വിക്കറ്റ്കീപ്പർമാർ അവസരം കാത്തിരിക്കുന്നുണ്ട്. വല്ലപ്പോഴുമുള്ള വെടിക്കെട്ടിന് പകരം സ്ഥിരതയുള്ള പ്രകടനമാണ് സെലക്ടർമാർ കാത്തിരിക്കുന്നത്.