മുംബൈ-മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൃത്തം ചെയ്ത് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഔറംഗാബാദിലെ പൈഠാന്‍ ഗേറ്റിലെ പ്രചാരണ പരിപാടിക്കിടെയാണ് ഒവൈസി ചുവടുകള്‍ വെച്ചത്. വേദിയില്‍നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പടിയില്‍വെച്ചായിരുന്നു ഒവൈസി ചുവടുകള്‍ വെച്ചത്. ഒവൈസി ചുവടുകള്‍ വെക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്‍ 44 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്.
പ്രചാരണപരിപാടിയില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഒവൈസി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. 1993 ബോംബ് സ്‌ഫോടനത്തിലെ ഇരകള്‍ക്ക് നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ എല്ലാവരും ശിക്ഷിക്കപ്പെട്ടുവെന്നും യാക്കൂബ് മേമനെ തൂക്കിക്കൊന്നുവെന്നും പ്രധാനമന്ത്രി പറയുന്നു. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ നീതി ലഭ്യമാക്കുമോ എന്നാണ്. അതേക്കുറിച്ച് അദ്ദേഹം ഒന്നും മിണ്ടുന്നില്ല ഒവൈസി പറഞ്ഞു.