ലഖ്‌നൗ-ഹിന്ദു മഹാസഭ നേതാവായ കമലേഷ് തിവാരിയുടെ മരണത്തില്‍ ലഖ്‌നൗവിലെ ബിജെപി നേതാവിന് പങ്കുണ്ടെന്ന ആരോപണവുമായി അമ്മ രംഗത്ത്. ലഖ്‌നൗവിലെ ബിജെപി നേതാവ് ശിവ് കുമാര്‍ ഗുപ്തയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അമ്മയുടെ ആരോപണം.
സ്ഥലത്തെ ഒരു ക്ഷേത്രത്തിന്റെ പ്രസിഡന്റായ ശിവ് കുമാര്‍ ഗുപ്ത അതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അതുകൊണ്ട് ഈ കൊലപാതകത്തിന് പിന്നിലും ഗുപ്ത തന്നെയാണെന്ന് ഉറപ്പാണെന്നുമാണ് കമലേഷ് തിവാരിയുടെ അമ്മയുടെ ആരോപണം.
കൊലപാതകവുമായി അമ്മയുടെ മൊഴിയെടുത്തപ്പോഴാണ് ശിവ് കുമാര്‍ ഗുപ്തയെ താന്‍ സംശയിക്കുന്നുണ്ടെന്ന് അമ്മ വെളിപ്പെടുത്തിയത്. 'ബിജെപി നേതാവായ ശിവ് കുമാര്‍ ഗുപ്തയാണ് കൊലയ്ക്ക് പിന്നില്‍. എനിക്കെന്റെ മകന്റെ മൃതദേഹം കാണണം. അവന് നീതി കിട്ടണം. ഞാന്‍ മരിച്ചാലും അത് ഞാനവന് വാങ്ങി നല്‍കും. ഗുപ്തയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യണം. അതാരും കേള്‍ക്കുന്നില്ല. തത്തേരി എന്നയിടത്തെ മാഫിയാതലവനാണ് ശിവ് കുമാര്‍ ഗുപ്ത. അഞ്ഞൂറ് കേസെങ്കിലും അയാള്‍ക്കെതിരെ ഉണ്ട്. സ്ഥലത്തെ ഒരു ക്ഷേത്രത്തിന്റെ പ്രസിഡന്റായ അയാള്‍ അതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ എന്റെ മകനെ ആസൂത്രണം നടത്തി കൊല്ലുകയായിരുന്നു' അമ്മ പറഞ്ഞു.
അതേസമയം പ്രവാചകനെതിരെ മോശം പരാമര്‍ശങ്ങളുള്ള പ്രസംഗം നടത്തിയതിന് കമലേഷ് തിവാരിയുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച ബിജ്‌നോര്‍ സ്വദേശികളായ രണ്ട് മൗലാനമാരാണ് കൊലയ്ക്ക് പിന്നിലെന്നാണ് കമലേഷ് തിവാരിയുടെ ഭാര്യയുടെ ആരോപണം. നിലവില്‍ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് മുഫ്തി നയീം, അന്‍വറുള്‍ ഹഖ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്ത് അന്വേഷണം മുന്നോട്ടു പോവുകയാണ്. ഇതിനിടെയാണ് പുതിയ ആരോപണവുമായി തിവാരിയുടെ അമ്മ രംഗത്ത് വന്നിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയോടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ശേഷം ജാഥയായി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് കമലേഷ് തിവാരിയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ലഖ്‌നൗവിലെ സീതാപൂര്‍ ജില്ലയിലെ മഹ്മൂദാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട കമലേഷ് തിവാരി.ഖുര്‍ഷിദ് ബാഗിലെ വസതിക്ക് സമീപമായിരുന്നു കൊലപാതകം നടന്നത്. കാവി വസ്ത്രധാരികളായ പ്രതികളില്‍ ഒരാള്‍ ഒരു പെട്ടി മധുര പലഹാരങ്ങള്‍ നല്‍കാനെന്ന വ്യാജേനെ തിവാരിയുടെ വസതിക്ക് സമീപത്തെ ഓഫീസ് മുറിയിലേക്ക് പ്രവേശിക്കുകയും പെട്ടിയില്‍ നിന്ന് തോക്കെടുത്ത് തിവാരിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.