കൊല്‍ക്കത്ത- കേന്ദ്രമന്ത്രി പീയുഷ് ഗോയലിനു പിറകെ നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജിയെ അധിക്ഷേപിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയും രംഗത്ത്. നൊബേല്‍ ജേതാവിന്റെ യോഗ്യതകളെ പരിഹസിച്ചുകൊണ്ടായിരുന്നു സിന്‍ഹയുടെ വരവ്.
വിദേശികളായ രണ്ടാം ഭാര്യമാര്‍ ഉള്ളവര്‍ക്കാണ് കൂടുതലും നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നതെന്നായിരുന്നു സിന്‍ഹയുടെ പരിഹാസം. രണ്ടാം ഭാര്യയായി ഒരു വിദേശിയുണ്ടാകുന്നതാണോ നൊബേല്‍ ലഭിക്കാനുള്ള ഡിഗ്രി എന്നും സിന്‍ഹ ചോദിച്ചു.അഭിജിത് ബാനര്‍ജി ഇടതു ചായ്‌വുള്ളയാളാണെന്നും, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ സിന്‍ഹ അനുകൂലിക്കുകയും ചെയ്തു.
'പീയുഷ് ഗോയല്‍ പറഞ്ഞതു ശരിയാണ്. കാരണം, ഈ ആളുകള്‍ ഇടതു നയങ്ങള്‍ കൊണ്ടു സമ്പദ്‌വ്യവസ്ഥയ്ക്കു നിറം പൂശുകയാണ്. ഇടതുപാതയില്‍ക്കൂടി ഈ സമ്പദ്‌വ്യവസ്ഥ സഞ്ചരിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. പക്ഷേ ഇടതു നയങ്ങള്‍ ഈ രാജ്യത്ത് ആവശ്യത്തിലും അധികമായിക്കഴിഞ്ഞിരിക്കുന്നു.' സിന്‍ഹ പറഞ്ഞു.
എസ്തര്‍ ഡഫ്‌ളോക്കും മൈക്കല്‍ ക്രെമറിനും ഒപ്പം സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം പങ്കിട്ട അഭിജിത് ബാനര്‍ജി ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെയും കടുത്ത വിമര്‍ശകനാണ്.