തൃശൂർ- കുതിരാൻ വഴിയാണ് യാത്ര ചെയ്യുന്നതെങ്കിൽ വാഹനത്തിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കുകയും കൂടാതെ കയ്യിൽ ഇന്ധനം കരുതുകയും ചെയ്യുക. അല്ലെങ്കിൽ നിങ്ങൾ വാഹനത്തിലെ ഇന്ധനം തീർന്ന് ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കും, പുറത്തു കടക്കാനോ അനങ്ങാനോ ആകാതെ.
വാട്‌സാപ്പ് സന്ദേശങ്ങളിലൂടെയും ഫോണിലും നേരിട്ടുമെല്ലാം വാഹന യാത്രക്കാർക്ക് കുതിരാൻ മേഖല താണ്ടിയെത്തുന്നവർ നൽകുന്ന ഉപദേശം ഇതാണ്. പോലീസും സന്നദ്ധ പ്രവർത്തകരും ഇക്കാര്യം വാട്‌സാപ്പ് വഴി ആളുകളെ അറിയിക്കുന്നുണ്ട്. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും പതിനഞ്ച് മണിക്കൂറോളം ഗതാഗതക്കുരുക്കിൽ പെട്ട പലരുടേയും വാഹനങ്ങളിലെ ഇന്ധനം തീർന്നതോടെയാണ് സ്ഥിതി ഗുരുതരമായത്. ഇന്ധനം കഴിഞ്ഞ വാഹനങ്ങൾ റോഡിൽ നിന്നും നീക്കാനാവാതെ വന്നതും പ്രതിസന്ധി സൃഷ്ടിച്ചു.
കുതിരാനിൽ മണിക്കൂറുകൾ കിടക്കാവുന്ന ഇന്ധനം കൂടി ടാങ്കിൽ കരുതണമെന്നാണ് പോലീസ് നിർദേശം. പറ്റുമെങ്കിൽ വാഹനത്തിന് മറ്റു കേടുപാടുകളില്ലെന്ന് ഉറപ്പ് വരുത്തി കുതിരാൻ റോഡിൽ പ്രവേശിക്കണമെന്നും പോലീസ് ഓർമിപ്പിക്കുന്നു. കാലിൽ മസിൽ വേദനയുള്ളവരും മുൻകരുതലെടുക്കണം.
ക്ലച്ചിൽ കാൽ അമർത്തി മണിക്കൂറുകളേറെ കഴിഞ്ഞാൽ മാത്രമേ കുതിരാൻ താണ്ടാനാകൂവെന്നതിനാൽ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണം. കുതിരാനിൽ വാഹന കുരുക്ക് ഇല്ലെന്ന് ഉറപ്പാക്കി മാത്രമേ പ്രായമായവരേയും രോഗികളേയും കുതിരാൻ വഴി കൊണ്ടുപോകാവൂ എന്നതും പ്രധാന കാര്യമാണ്.
കുതിരാൻ വഴി യാത്ര ചെയ്യുന്നവർ കയ്യിൽ മൂന്നു നേരത്തേക്കുള്ള ഭക്ഷണം കരുതുകയെന്ന ഉപദേശവും വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്. ലഘുഭക്ഷണം പോലും കിട്ടാൻ സാധ്യതയില്ലാത്ത കുതിരാനിൽ മണിക്കൂറുകൾ കുടുങ്ങേണ്ട അവസ്ഥയിൽ ഭക്ഷണവും വെളളവും കയ്യിൽ ആവശ്യത്തിന് കരുതുകയെന്നതാണ് പ്രധാന മുൻകരുതൽ. അഞ്ചു ലിറ്റർ വെള്ളമെങ്കിലും സ്റ്റോക്കു ചെയ്യണമെന്നും പറയുന്നുണ്ട്.
മൊബൈലുകൾ ഫുൾചാർജ് ചെയ്യണമെന്നും പവർ ബാങ്കുണ്ടെങ്കിൽ കയ്യിൽ കരുതണമെന്നും റേഞ്ച് ഇല്ലാത്ത പ്രശ്‌നം കുതിരാനിൽ ഉണ്ടെന്നും ഓർക്കുക.
വിമാനം, ട്രെയിൻ എന്നിവയിൽ പോകാനുള്ളവർ കഴിവതും കുതിരാൻ വഴിയുള്ള യാത്ര ഒഴിവാക്കുക. സമയത്തിന് എത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത സ്ഥിതിയാണുള്ളത്. വിവാഹാവശ്യങ്ങൾക്കായി പോകുന്നവരും ഇതുവഴി യാത്ര ഒഴിവാക്കുക.
ബെഡ് ഷീറ്റും തലയിണയും പുതപ്പുമൊക്കെ കയ്യിൽ കരുതിക്കോളാൻ വാട്‌സാപ്പിൽ തമാശ മുന്നറിയിപ്പുകളും വരുന്നുണ്ട്. കുടുംബത്തെ കാണണമെന്നുണ്ടെങ്കിൽ ഒരു ഫാമിലി ഫോട്ടോ കരുതിക്കോളാനും ഉപദേശമുണ്ട്. തൃശൂരിലും പാലക്കാടും എന്നും ജോലിക്ക് പോയി വരുന്നവർ അവിടെ തന്നെ വാടകയ്ക്ക് വീടു നോക്കുന്നതാണ് നല്ലതെന്നും ജോലിയില്ലാത്തവർക്ക് കുതിരാൻ മേഖലയിൽ പൊതിച്ചോർ വിൽപനയും കുപ്പിവെള്ള വിൽപനയും കൈകാൽ കടച്ചിലിനുള്ള മരുന്നിന്റെ വിൽപനയും നടത്തി വരുമാനമുണ്ടാക്കാമെന്നും കുതിരാനിലെ കുരുക്കിൽ കുടുങ്ങി മടുത്ത യാത്രികർ വാട്‌സാപ്പിൽ സന്ദേശമയക്കുന്നുണ്ട്.