കോഴിക്കോട്-കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണു പുറമേ മറ്റൊരു അധ്യാപകന്റെ കൂടെയും നിരവധി തവണ കേരളത്തിന് പുറത്തേക്കു പോയി. സുഹൃത്തായ അദ്ധ്യാപകനും ബന്ധു എംഎസ് മാത്യുവിനും ഒപ്പം ജോളി നിരവധി തവണ കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും യാത്ര ചെയ്തിരുന്നതായി കണ്ടെത്തി. പതിനൊന്നു തവണയാണ് ജോളി ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തത്. അധ്യാപകവൃത്തിയുടെ ഭാഗമായുള്ള യാത്രയെന്നു പറഞ്ഞായിരുന്നു വീട്ടുകാരെ കബളിപ്പിച്ചത്. ഈ സാഹചര്യങ്ങളില്‍ വീട്ടുകാര്‍ക്ക് ഫോണ്‍ വിളിക്കുന്നതിന് പോലും നിയന്ത്രണവും ജോളി വെച്ചിരുന്നു. വസ്ത്രങ്ങള്‍ വാങ്ങുക, സ്ഥലം കാണുക എന്നിവയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നാണ് ജോളിയുടെ മൊഴി.പതിനൊന്ന് യാത്രകളില്‍ രണ്ടു തവണ വീതം തവണ അധ്യാപകനും മാത്യുവും ജോളിയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്നു. ഇതിന് പുറമേയാണ് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സന്റെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ഊട്ടിയിലും കൊടൈക്കനാലിലും പോയത്. രണ്ട് സുഖവാസ കേന്ദ്രങ്ങളും ജോളിയ്ക്ക് വളരെ ഇഷ്ടമാണ്.അതേസമയം സ്ഥലം കാണല്‍, വസ്ത്രവും സൗന്ദര്യവസ്തുക്കള്‍ വാങ്ങലും ആയിരുന്നു ഇതിന്റെ ലക്ഷ്യമെന്ന ജോളിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ പരിശോധനയില്‍ കാര്യമായ പ്രശ്‌നം കണ്ടെത്തിയില്ല. ഇതോടെ ശാരീരിക ബുദ്ധിമുട്ട് പറഞ്ഞ് ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള ശ്രമമാണ് ജോളി നടത്തുന്നതെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്.ജോളി, എംഎസ് മാത്യൂ, പ്രജികുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് പോലീസ് ആവശ്യപ്പെടുമെന്നാണ് സൂചന.