പനാജി- ലൈംഗിക പീഡനക്കേസില്‍ വിചാരണ ഡിസംബര്‍വരെ നീട്ടിവെക്കണമെന്ന തെഹല്‍ക്ക മാഗസിന്‍ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ് പാലിന്റെ ഹരജി ബോംബെ ഹൈക്കോടതി തള്ളി.
പരാതിക്കാരിയുടെ മൂന്ന് ദിവസത്തെ ക്രോസ് വിസ്താരം ഈ മാസം 21 ന് ആരംഭിക്കാനുള്ള മപുസയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് തേജ്പാല്‍ ഹൈക്കോടതിയെ സമീപിച്ചത്.
അഭിഭാഷകന്‍ മറ്റു കേസുകളുടെ തിരക്കിലായതിനാല്‍ വിചാരണ ഡിസംബര്‍ രണ്ടിലേക്ക് മാറ്റണമെന്നായിരുന്നു തേജ് പാലിന്റെ ആവശ്യം. ഹരജി തള്ളിയതോടെ വിചാരണ നേരത്തെ നിശ്ചയിച്ചതു പോലെ അടുത്തയാഴ്ച ആരംഭിക്കും.
തേജ്പാല്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് 2013 നവംബറിലാണ് സഹപ്രവര്‍ത്തക പരാതിപ്പെട്ടിരുന്നത്. 2013 നവംബര്‍ 30ന് ജാമ്യം ലഭിച്ച തേജ്പാല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
പരാതിക്കാരിയും അഭിഷകരും എതിര്‍ വിസ്താരത്തിന് ലഭ്യമല്ലാത്തതിനാല്‍ ഈ മാസം ഏഴിന് കേസ് കോടതി നീട്ടിവെച്ചതായിരുന്നു. ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് 2017 സെപ്റ്റംബറില്‍ ഗോവ കോടതി തേജ് പാലിന്മേല്‍ ചുമത്തിയിരുന്നത്. തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും ആരോപണങ്ങള്‍ തള്ളാന്‍ വിസമ്മതിച്ച പരമോന്നത നീതിപീഠം കേസില്‍ ആറു മാസത്തിനകം തീര്‍പ്പ് കല്‍പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.