Sorry, you need to enable JavaScript to visit this website.

ഭീകരരുടെ സാമ്പത്തിക സ്രോതസ്സ്; പാക്കിസ്ഥാന് അന്ത്യശാസനം

പാരീസ്- ഭീകരരുടെ സാമ്പത്തിക സ്രോതസുകള്‍ക്കെതിരായ കര്‍മപദ്ധതി അടുത്ത വര്‍ഷം ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കണമെന്ന് എഫ്.എ.ടി.എഫ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണിത്. സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അംഗരാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളോ പാക്കിസ്ഥാനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്ന് എഫ്.എ.ടി.എഫ് പ്ലീനറി സമ്മേളനം ആവശ്യപ്പെട്ടു. ഭീകരവാദത്തെ തുടച്ചുനീക്കാനായി മുന്നോട്ടുവെച്ച കര്‍മപദ്ധതിയിലെ 27 മാര്‍ഗനിര്‍ദേശങ്ങളില്‍ 22 എണ്ണം നടപ്പാക്കുന്നതിലും പാക്കിസ്ഥാന്‍ പരാജയപ്പെട്ടതായി എഫ്.എ.ടി.എഫ് വിലയിരുത്തി.
2020 ഫെബ്രുവരിക്കകം കര്‍മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നും എഫ്.എ.ടി.എഫ് വ്യക്തമാക്കി. നിലവില്‍ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കരിമ്പട്ടികയില്‍ ഉള്‍പ്പെടാതിരിക്കണമെങ്കില്‍ ഒക്ടോബറിനകം കര്‍മ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കഴിഞ്ഞ തവണ പാക്കിസ്ഥാനോട് എഫ്.എ.ടി.എഫ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചൈന, തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിനാലാണ് കര്‍മ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സമയപരിധി 2020 ഫെബ്രുവരി വരെ നീട്ടി നല്‍കിയത്.
യു.എന്‍ ഭീകരരായി പ്രഖ്യാപിച്ചവരുള്‍പ്പെടെയുള്ള ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടതായി ഇന്ത്യയും മറ്റു ചില രാജ്യങ്ങളും  കുറ്റപ്പെടുത്തിയിരുന്നു. 205 അംഗരാജ്യങ്ങളും യുഎന്‍, ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യ നിധി എന്നീ സംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പെട്ട പ്ലീനറി യോഗത്തിലാണ് പാക്കിസ്ഥാനെ ചൈനയും തുര്‍ക്കിയും മലേഷ്യയും പിന്തുണച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരര്‍ക്കുള്ള ധനസഹായം, അന്താരാഷ്ട്ര സമ്പദ് വ്യസ്ഥയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ തടയുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയായ എഫ്.എ.ടി.എഫ് 1989 ലാണ് നിലവില്‍ വന്നത്.

 

Latest News