മഞ്ചേരി- പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി അഞ്ചു വര്‍ഷം കഠിന തടവിനും 1.75 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു.
നിലമ്പൂര്‍ അമരമ്പലം താഴെ ചുള്ളിയോട് സ്വദേശികളായ മുളക്കല്‍ ജോമോന്‍ (52), കൂരാട്ട്കുത്ത് ദിലീപ് (28) എന്നിവരെയാണ് ജഡ്ജി എ.വി.നാരായണന്‍ ശിക്ഷിച്ചത്.
2011 സെപ്തംബര്‍ മൂന്നിന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. ജോമോന്‍ പെണ്‍കുട്ടിയെ മാനഹാനി വരുത്തുകയും ബലാത്സംഗത്തിനു ശ്രമിക്കുകയുമായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട കുട്ടിയെ ദിലീപും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി നല്‍കിയ പരാതിയില്‍ 2011 സെപ്തംബര്‍ 20 ന് നിലമ്പൂര്‍ സി.ഐ പ്രതികളെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 പ്രകാരം മാനഹാനി വരുത്തിയതിനു മൂന്നു വര്‍ഷം കഠിന തടവ്, 50,000 രൂപ പിഴ, പിഴയടക്കാത്തപക്ഷം ആറുമാസത്തെ അധിക കഠിന തടവ്, 511 (376) വകുപ്പ് പ്രകാരം ബലാത്സംഗ ശ്രമത്തിനു അഞ്ചു വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ അധിക കഠിന തടവ്, എസ്‌സി-എസ്ടി ആക്ട് പ്രകാരം രണ്ടു വര്‍ഷം കഠിന തടവ് 25,000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. റിമാന്‍ഡ് കാലാവധി ശിക്ഷയായി പരിഗണിക്കാനും കോടതി വിധിച്ചു. പ്രതികള്‍ പിഴ ഒടുക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. അതോടൊപ്പം സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നു നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.