ലണ്ടന്‍- പോണ്‍ വെബ്‌സൈറ്റുകള്‍ കാണുന്നതിന് പ്രായ പരിധി കര്‍ശനമാക്കണമെന്നും വയസ് തെളിയിക്കണമെന്നുമുള്ള നിബന്ധന ബ്രിട്ടന്‍ ഒഴിവാക്കി. ഏറെനാള്‍ നീണ്ട വലിയ സംവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവിലാണ് തീരുമാനം.
പോണോഗ്രഫി വെബ്‌സൈറ്റുകള്‍ കാണുന്നതിന് ഉപയോക്താക്കള്‍ അവര്‍ക്ക് 18 വയസായെന്ന് തെളിയിക്കണമെന്ന് അനുശാസിക്കുന്ന 2017 ലെ ഡിജിറ്റല്‍ എക്കോണമി ആക്റ്റിന്റെ മൂന്നാം ഭാഗം സര്‍ക്കാര്‍ നടപ്പിലാക്കുകയില്ലെന്നും പകരം ഓണ്‍ലൈനിലെ അപകടങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തുമെന്നും ബ്രിട്ടന്റെ ഡിജിറ്റല്‍, സാംസ്‌കാരിക, മാധ്യമ, കായികകാര്യ സെക്രട്ടറി നിക്കി മോര്‍ഗന്‍ പറഞ്ഞു.
വിമര്‍ശകര്‍ പ്രധാനമായും ഉപയോക്താക്കളുടെ സ്വകാര്യതയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. ഇതിന് പുറമെ പ്രശസ്തമായ പല പോണ്‍ വെബ്‌സൈറ്റുകളുടെയും ഉടമസ്ഥരായ മൈന്റ് ഗീക്ക് എന്ന സ്ഥാപനത്തിന് നിയമം കൂടുതല്‍ അധികാരം നല്‍കുമെന്നും വിമര്‍ശനമുണ്ട്. അതേസമയം കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ചില രീതിയില്‍ പ്രായപരിധി നിശ്ചയിക്കുന്നത് ഇപ്പോഴും പരിഗണനയിലുണ്ടെന്നും മോര്‍ഗന്‍ പറഞ്ഞു. ഓണ്‍ലൈന്‍ സുരക്ഷയില്‍ ബ്രിട്ടനെ ലോകത്ത് ഒന്നാമതെത്തിക്കാനും തങ്ങള്‍ ലക്ഷ്യമിടുന്നുതായി അവര്‍ അറിയിച്ചു.