ഭോപാല്‍- ഭോപാലിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജോലി വാഗ്ാദം നല്‍കിയ 50ലേറെ യുവതികളെ വഞ്ചിച്ച തട്ടിപ്പു സംഘത്തെ പോലീസ് പിടികൂടി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയിംസില്‍ നഴ്‌സായി ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചതായി നിരവധി യുവതികള്‍ പരാതിപ്പെട്ടതോടെയാണ് ഇതന്വേഷിക്കാന്‍ പോലീസ് പ്രത്യേക ദൗത്യ സേനയെ നിയോഗിച്ചത്. ജബല്‍പൂര്‍ സ്വദേശിയായ ദില്‍ഷാദ് ഖാന്‍ ആണ് തട്ടിപ്പു സംഘത്തിന്റെ തലവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദില്‍ഷാദ് ഖാനേയും സഹായി ഭോപാല്‍ സ്വദേശിയായ അലോക് കുമാറിനേയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതുവരെ സംഘം അമ്പതിലേറെ യുവതികളെ വഞ്ചിച്ചതായി എഡിജി അശോക് അശ്വതി പറഞ്ഞു.
സംഘത്തലവന്‍ ദില്‍ഷാദിന് അഞ്ചു ഭാര്യമാര്‍ ഉണ്ടെന്നും ഇവര്‍ക്കു വേണ്ടിവരുന്ന ഭാരിച്ച ചെലവ് കണ്ടെത്താനുമാണ് തട്ടിപ്പ് നടത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിച്ചു. ഭാര്യമാരില്‍ ഒരാള്‍ ജബല്‍പൂരില്‍ ഒരു സ്വകാര്യ ക്ലിനിക് നടത്തുന്നുകയാണന്നും കൂട്ടുപ്രതി അലോക് കുമാറിന്റെ ഭാര്യ സര്‍ക്കാര്‍ ഗേള്‍സ് ഹോസ്റ്റലില്‍ സുപ്രണ്ടാണെന്നും ദില്‍ഷാദ് വെളിപ്പെടുത്തി. ഇവര്‍ക്ക് കേസുമായി നേരിട്ട് ബന്ധമില്ലെങ്കിലും പോലീസ് ഇവരേയും ചോദ്യം ചെയ്യും. തട്ടിപ്പിനിരയായ യുവതികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.