കൊച്ചി- യുവതാരം ഷെയ്ൻ നിഗത്തിനെതിരെ വധഭീഷണി മുഴക്കിയിട്ടില്ലെന്നും തന്റെ വെയിൽ എന്ന സിനിമയുടെ ബാക്കിയുള്ള ഷെഡ്യൂൾ തീർക്കാതെ താരം ഗെറ്റപ്പ് മാറ്റിയതിനെതിരെ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും നിർമ്മാതാവ് ജോബി ജോർജ്. ഗുഡ്വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന വെയിൽ എന്ന സിനിമയുടെ ഒന്നാം ഷെഡ്യൂൾ പൂർത്തിയാക്കിയ ഷെയ്ൻ നിഗം ഖുർബാനി എന്ന സിനിമക്ക് വേണ്ടി ഗെറ്റപ്പ് മാറ്റിയെന്നായിരുന്നു ജോബി ജോർജിന്റെ ആരോപണം. അഞ്ചു കോടിയുടെ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം മുടങ്ങിയാൽ താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും ഷെയ്ൻ നിഗം ചതിച്ചുവെന്നുമായിരുന്നു ഷെയ്ൻ ജോബി ജോർജിന്റെ ആരോപണം. തനിക്കെതിരെ ജോബി ജോർജ് വധഭീഷണി മുഴക്കിയെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ താരങ്ങളുടെ സംഘടനയായ അമ്മക്ക് പരാതി നൽകിയിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് കൊച്ചി പ്രസ് ക്ലബ്ബിൽ ജോബി ജോർജ് പത്രസമ്മേളനം നടത്തിയത്.
ഷെയ്ൻ നിഗം നൽകിയ പരാതി:
താൻ ഇപ്പോൾ അഭിനയിക്കുന്ന ചിത്രങ്ങൾ ഗുഡ്‌വിലിന്റെ ബാനറിൽ നിർമ്മിക്കുന്ന വെയിലും വർണ്ണചിത്രയുടെ ബാനറിൽ നിർമ്മിക്കുന്ന ഖുർബാനിയുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു. തുടർന്ന് ഖുർബാനിയുടെ ചിത്രീകരണത്തിലേക്ക് കടന്നു. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റ്അപ്പുകളിലാണ് എത്തുന്നത്. വെയിലിൽ മുടി നീട്ടിയ ഗെറ്റപ്പുണ്ട്. എന്നാൽ ഖുർബാനിയിൽ മറ്റൊരു ലുക്ക് ആയതിനാൽ മുടി അൽപ്പം വെട്ടി. രണ്ട് സിനിമകളുടെയും അണിയറ പ്രവർത്തകർ തമ്മിലുള്ള ധാരണപ്രകാരമാണ് മുടി വെട്ടിയത്. എന്നാൽ പുറകുവശത്ത് മുടി അൽപ്പം കൂടുതൽ വെട്ടിപ്പോയിട്ടുണ്ട്. ഇത് മനപൂർവമല്ല. മുടി വെട്ടി ക്യാരക്ടർ ലുക്കിന് വേണ്ടി ജെൽ പുരട്ടി മേക്ക് ഓവർ ചെയ്‌തെടുത്ത ഫോട്ടോ വാട്ട്‌സ് ആപ്പിൽ അപ് ലോഡ് ചെയ്തിരുന്നു.
അത് കണ്ടതിന് പിന്നാലെ വെയിൽ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോർജ് സിനിമയുടെ കണ്ടിന്യൂയിറ്റി പോയെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് മോശമായി സംസാരിച്ച് അപമാനിച്ചു. നേരിൽകണ്ട് നിജസ്ഥിതി മനസ്സിലാക്കാതെയാണ് ജോബി ജോർജിന്റെ ഭീഷണി. തന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണ് ജോബി ജോർജ് തന്നോട് ഫോണിൽ പറഞ്ഞത്. ഇതിനർത്ഥം തന്നെ ജോബി ജോർജ് വധിക്കാൻ പദ്ധതി ഇട്ടിട്ടുണ്ടെന്നാണ്. അതിനാൽ തനിക്ക് എന്ത് അപകടമുണ്ടായാലും അതിന്റെ ഉത്തരവാദി ജോബി ജോർജ് ആയിരിക്കും. തന്റെ ജീവിനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഷെയ്ൻ പരാതിയിൽ പറയുന്നു.
അബിയുടെ മകനായതുകൊണ്ട് മാത്രമാണ് തനിക്കെതിരെ ഇത്തരത്തിൽ ആരോപണം വരുന്നതെന്നും ജീവിതം തന്നെ മടുക്കുകയാണെന്നും ഷെയ്ൻ ലൈവിൽ പറഞ്ഞിരുന്നു.
അതിനിടെ, ഷെയ്‌നിന് പിന്തുണയുമായി സംവിധായകനും നടനുമായ മേജർ രവിയും രംഗത്തെത്തി. ഒറ്റയ്ക്ക് പൊരുതുന്ന താരമാണ് ഷെയ്ൻ നിഗമെന്നും അവന്റെ വഴി മുടക്കരുതെന്നും മേജർ രവി ആവശ്യപ്പെട്ടു.