മുംബൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിക്കു മുന്നോടിയായി പൂനെ കോളേജിലെ മരങ്ങള്‍ മുറിച്ചതിനെ ന്യായീകരിച്ച് കേന്ദ്ര പരിസ്ഥതി മന്ത്രി പ്രകാശ് ജാവഡേക്കര്‍.
മരങ്ങള്‍ മുറിച്ചിട്ടുണ്ടെങ്കില്‍ ആ സ്ഥലത്ത് കൂടുതല്‍ മരങ്ങള്‍ വനം വകുപ്പ് വെച്ചു പിടിപ്പിക്കുമെന്നാണ് മന്ത്രിയുടെ മറുപടി. ഇന്ന് മോഡി പങ്കെടുക്കുന്ന റാലിക്ക് വേണ്ടിയാണ് പൂനെയിലെ സര്‍ പരശുറാംഭാവു കോളേജിലെ മരങ്ങള്‍ മുറിച്ചുമാറ്റിയത്.
മരങ്ങള്‍ ഇതിനുമുമ്പും മുറിച്ചിട്ടുണ്ടെന്നും പകരം കൂടുതല്‍ വെച്ചുപടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മോഡിയുടെ റാലിയ കുറിച്ച് മാത്രമെന്താണ് ബഹളം. മറ്റുള്ളവരും റാലി നടത്തുന്നുണ്ടല്ലോ. മുന്‍ പ്രധാനമന്ത്രിമാരുടെ റാലികളുടെ സമയത്ത് എന്താണ് സംഭവിച്ചത്. ഇപ്പോള്‍ മാത്രമാണോ പൗരന്മാര്‍ ഇതേക്കുറിച്ചൊക്കെ ബോധവാന്മാരാകുന്നത്- ജാവഡേക്കര്‍ ചോദിച്ചു.
എല്ലാ സംസ്ഥാനങ്ങളിലേയും വനം വകുപ്പിന് പ്രത്യേക പങ്ക് നിര്‍വഹിക്കാനുണ്ട്. മരങ്ങള്‍ മുറിക്കുമ്പോള്‍ കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചതായി വനം വകുപ്പ് ഉറപ്പുവരുത്തും.
പ്രധാനമന്ത്രിയുടെ റാലിക്ക് വേണ്ടി കോളേജ് കാമ്പസിലെ മരങ്ങള്‍ മുറിച്ച് മാറ്റിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് പരിസ്ഥിതി മന്ത്രിയുടെ ന്യായീകരണം.