ന്യൂദൽഹി- അയോധ്യ ഭൂമി തർക്ക കേസിൽ വാദങ്ങൾ പൂർത്തിയായി സുപ്രീം കോടതി വിധി പറയാൻ മാറ്റിയതിനിടെ, സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചു. കേസ് വാദം കേൾക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് റിപ്പോർട്ട് ഇന്ന് പരിശോധിച്ചേക്കും. വ്യവസ്ഥകൾക്ക് വിധേയമായി ബാബരി ഭൂമിയിലെ അവകാശവാദം കൈയൊഴിയാൻ ഒരുക്കമാണെന്ന് സമിതിക്ക് സുന്നി വഖഫ് ബോർഡ് ഉറപ്പു നൽകിയതായി റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ഉപാധികൾ മറുപക്ഷം അംഗീകരിക്കാൻ തയാറായാൽ പതിറ്റാണ്ടുകളായി നീളുന്ന പ്രശ്‌നം ഒത്തുതീർപ്പിലൂടെ പരിഹരിക്കുന്നതിന് വഴിതെളിയും.
ഭരണഘടനാ ബെഞ്ച് ഇന്ന് ചേംബറിലിരിക്കുമെന്ന് സുപ്രീം കോടതി രജിസ്ട്രാർ അറിയിച്ചത് റിപ്പോർട്ട് ഇന്നു തന്നെ പരിഗണിക്കുമെന്നതിന്റെ സൂചനയായി. സുപ്രീം കോടതി ജഡ്ജി എഫ്.എം ഖലീഫുല്ല, ജീവന കലാചാര്യൻ ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരടങ്ങിയ മൂന്നംഗ മധ്യസ്ഥ സമിതിയാണ് റിപ്പോർട്ട് നൽകിയത്. അയോധ്യയിലെ മറ്റു പള്ളികൾ സർക്കാർ ചെലവിൽ നവീകരിക്കുക, കാശി അടക്കം മറ്റ് സ്ഥലങ്ങളിലെ പള്ളികളിൽ ഇനി അവകാശം ഉന്നയിക്കാതിരിക്കുക തുടങ്ങിയ ഉപാധികൾ അംഗീകരിച്ച്, അയോധ്യയിലെ ഭൂമി സർക്കാരിന് ഏറ്റെടുത്ത് രാമക്ഷേത്രം പണിയുന്നതിൽ എതിർപ്പില്ലെന്നാണ് വഖഫ് ബോർഡ് സമ്മതിച്ചത് എന്നാണ് സൂചന. അയോധ്യയിൽ തകർക്കപ്പെട്ട മസ്ജിദ് മറ്റേതെങ്കിലും അനുയോജ്യ സ്ഥലത്ത് പുനർനിർമിക്കാം. പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള പള്ളികളുടെ പട്ടിക കൈമാറാമെന്നും ഇവയിൽ ആരാധനക്ക് അനുയോജ്യമായത് കോടതി നിർദേശിക്കുന്ന സമിതി തെരഞ്ഞെടുത്ത് നൽകണമെന്നും വഖഫ് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരു പക്ഷത്തിന്റേയും സമ്മതത്തോടെ കോടതി ഇത് അംഗീകരിക്കുകയാണെങ്കിൽ 134 വർഷം പഴക്കമുള്ള അയോധ്യാ പ്രശ്‌നത്തിന് അറുതിയാകും. അതേസമയം, ഇരുപക്ഷത്തിനും കോടതി ഭൂമി കൈമാറില്ലെന്നുള്ള സൂചനകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
കേസിൽ 40 ദിവസം നീണ്ടുനിന്ന മാരത്തൺ വാദം കേൾക്കൽ ഇന്നലെ വൈകിട്ടോടെയാണ് പൂർത്തിയായത്. മധ്യസ്ഥ സമിതിയുടെ ഇടപെടൽ വിജയം കാണാത്തതിനെ തുടർന്നായിരുന്നു തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കാൻ തീരുമാനിച്ചത്. എന്നാൽ വാദം കേൾക്കൽ പൂർത്തിയായി വിധി പറയാൻ കാത്തിരിക്കുന്ന വേളയിലാണ് മധ്യസ്ഥ സമിതി നൽകിയ റിപ്പോർട്ട് പരിഗണിക്കുന്നത് എന്നതാണ് ശ്രദ്ധേയം. മധ്യസ്ഥ സമിതിയിൽ സുപ്രീം കോടതിക്കുള്ള വിശ്വാസത്തിൽ നന്ദി പറയുന്നുവെന്ന് മൂന്നംഗ സമിതിയിലെ അംഗമായ ശ്രീശ്രീ രവിശങ്കർ ട്വീറ്റ് ചെയ്തു. എല്ലാ കക്ഷികളുടേയും ആത്മാർഥതക്കും പങ്കാളിത്തത്തിനും നന്ദി പറയുന്നു. രാജ്യത്തിന്റെ മൂല്യങ്ങളുടെ സംഹിതയായ സാഹോദര്യ ബോധവും വിവേകവും ഉപയോഗിച്ചാണ് മധ്യസ്ഥ ചർച്ചകൾ നടത്തിയതെന്നും രവിശങ്കർ ട്വീറ്റിൽ കുറിച്ചു.
കേസ് വിധി പറയാനായി മാറ്റിയ കോടതി അധിക വാദമുഖങ്ങൾ ഉണ്ടെങ്കിൽ എഴുതി നൽകുന്നതിനായി കക്ഷികൾക്കു മൂന്നു ദിവസത്തെ സമയം നൽകിയിട്ടുണ്ട്. വാദം കേൾക്കുന്നതിന്റെ അവസാന ദിവസമായ ഇന്നലെ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. രാമജന്മഭൂമിയുടേതെന്ന അവകാശവാദത്തോടെ ഹിന്ദു മഹാസഭ അഭിഭാഷകൻ വികാസ് സിംഗ് നൽകിയ ഭൂപടവും അയോധ്യ രാമന്റെ ജന്മസ്ഥലമെന്നു തെളിയിക്കുന്നതിന് രേഖയായി നൽകിയ പുസ്തകവും സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചു കീറിയത് കോടതിയിൽ പ്രക്ഷുബ്ധ രംഗങ്ങൾ സൃഷ്ടിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡേ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൻ, അബ്ദുൽ നാസർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. വാദം അവതരിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ നൽകിയ അപേക്ഷ തള്ളിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇതിനോടകം ആവശ്യത്തിലധികമായി, ഇനി മതിയായി എന്നു പ്രതികരിച്ചു. കേസിൽ വാദം കേൾക്കുന്ന അവസാന ദിവസമായ ഇന്നലെ കേസിൽനിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ പിന്തുണയുള്ള ഉത്തർപ്രദേശ് വഖഫ് ബോർഡ് ചെയർപേഴ്‌സൺ സഫർ അഹമ്മദ് ഫാറൂഖി സുപ്രീം കോടതിയിൽ വ്യക്തിപരമായി അപേക്ഷ നൽകി. കോടതി അപേക്ഷ പരിഗണിച്ചില്ല. ഇത്തരത്തിലൊരു നീക്കത്തെക്കുറിച്ചു തങ്ങൾക്ക് അറിവില്ലെന്ന് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകർ വ്യക്തമാക്കി. അടുത്ത മാസം പതിനേഴിന് ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനാൽ അതിന് മുമ്പേ വിധി പ്രഖ്യാപിക്കും.