കൊച്ചി - വിവാദമായ കേരളത്തിലെ യത്തീംഖാന കുട്ടിക്കടത്ത് കേസ് സി.ബി.ഐ എഴുതിത്തള്ളി. കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചു. കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ബീഹാർ സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് സി.ബി.ഐ എറണാകുളം സി.ബി.ഐ കോടതിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിച്ചത്.
2014 ലാണ് ബീഹാർ, ബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്ന് കോഴിക്കോട്ടെ മുക്കം, വെട്ടത്തൂർ യത്തീം ഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി അനാഥ കുട്ടികൾ വന്നത്. മേൽ പറഞ്ഞ സ്ഥാപനങ്ങളിൽനിന്ന് 455 കുട്ടികളെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്നുവെന്നായിരുന്നു പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സാമൂഹിക സുരക്ഷാ വകുപ്പും പോലീസിൽ പരാതി നൽകിയത്. മതിയായ രേഖകൾ ഇല്ലാതെ ട്രെയിനിലെത്തിയ കുട്ടികളെ പാലക്കാട് സ്റ്റേഷനിൽ റെയിൽവേ പോലീസ് പിടികൂടുകയായിരുന്നു. റെയിൽവേ പോലീസ് യത്തീംഖാനകൾക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. സാമൂഹിക നീതി വകുപ്പും കേരളത്തിലേക്ക് കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അന്തർ സംസ്ഥാന ബന്ധമുള്ള വിഷയമായതിനാൽ ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു.
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മുക്കം, വെട്ടത്തൂർ യത്തീംഖാനകൾ സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്തു. സി.ബി.ഐയോട് ഇത് സംബന്ധിച്ച് റിപ്പോർട്ട് ഫയൽ ചെയ്യാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇതിനിടയിൽ കുട്ടിക്കടത്ത് ആരോപിച്ച് മുക്കം ഓർഫനേജിലെ 21 ഭാരവാഹികൾക്കെതിരെ ഝാർഖണ്ഡിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽകേസ് ഝാർഖണ്ഡ് ഹൈക്കോടതി റദ്ദാക്കി. ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിൽനിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് സൗജന്യ വിദ്യാഭ്യാസത്തിന് വന്നത് കുട്ടിക്കടത്തായി ചിത്രീകരിച്ച് പാലക്കാട് ശിശുക്ഷേമ സമിതിയുടെയും പോലീസിന്റെയും നീക്കങ്ങളാണ് വർഷങ്ങൾ നീണ്ട സി.ബി.ഐ അന്വേഷണത്തിന് ഒടുവിൽ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് കണ്ടെത്തി കേസ് എഴുതി തള്ളി റിപ്പോർട്ട് സമർപ്പിക്കലിൽ പര്യവസാനിച്ചത്. കുട്ടികളുടെ അന്തർ സംസ്ഥാന സഞ്ചാരം സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നുവെന്ന് സി.ബി.ഐ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്യ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന കുട്ടികളെ കേരളത്തിലെ യത്തീംഖാനകളിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകി 2013 ജൂണിൽ സാമൂഹിക നീതി വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം തടസ്സമില്ലെന്ന് സി.ബി.ഐ കണ്ടെത്തി. കേരളത്തിലേക്ക് കുട്ടിക്കടത്ത് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം ഇതുവരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല. കേരളത്തിൽ എത്തിയ 606 കുട്ടികളിൽ 112 പേർ ബിഹാറിൽ നിന്നും 371 പേർ ജാർഖണ്ഡിൽനിന്നും 13 പേർ ബംഗാളിൽ നിന്നുമായിരുന്നു.