ന്യൂദല്‍ഹി- യുപിഎ കാലത്തെകിട്ടാകടങ്ങളെ ചൂണ്ടിക്കാട്ടി മന്‍മോഹന്‍ സിംഗിനെതിരെയും അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയും രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായിരുന്ന സമയത്തായിരുന്നു പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവും മോശമായ കാലഘട്ടമെന്ന് മന്ത്രി പറഞ്ഞു. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റ് സ്‌കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ ആന്‍ഡ് പബ്ലിക് അഫേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'രഘുറാം രാജന്‍ പറയുന്ന ഓരോ കാര്യങ്ങളും അദ്ദേഹത്തിന്റെ ഉള്ളില്‍ തട്ടിയാണെന്നതില്‍ എനിക്ക് സംശയമില്ല. ഇന്ന് ഞാന്‍ ഇവിടെയുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറ്റവും മികച്ച കാലഘട്ടത്തില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം തിരഞ്ഞെടുത്ത മികച്ച പണ്ഡിതനെന്ന നിലയില്‍ അദ്ദേഹത്തിന് അര്‍ഹമായ ബഹുമാനവും നല്‍കുന്നു. എന്നാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് രഘുറാം രാജനും മന്‍മോഹന്‍ സിങും കൂടിച്ചേര്‍ന്നതിനേക്കാള്‍ മോശമായ ഒരു ഘട്ടം ഉണ്ടായിട്ടില്ലെന്ന വസ്തുത മറച്ച് വെക്കാനാവില്ല. ആ ഉത്തരവാദിത്തം ഇരുവര്‍ക്കുമുണ്ട്' നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
അടുത്തിടെ ബ്രൗണ്‍ സര്‍വലകാശാലയില്‍ നടന്ന പരിപാടിക്കിടെ മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രഘുറാംരാജന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആഭ്യന്തര സമന്വയവും സാമ്പത്തികവളര്‍ച്ചക്കും പ്രധാന്യം നല്‍കാതെ ഭൂരിപക്ഷ വാദമാണ് ഇന്ത്യയില്‍ ഉയര്‍ത്തുന്നത്. ഇത്തരത്തിലുള്ള ഭൂരിപക്ഷ വാദം കുറച്ച് കാലം തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുമെങ്കിലും അത് ഇന്ത്യയെ ഇരുണ്ടതും അനിശ്ചതത്വം നിറഞ്ഞതുമായ യുഗത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.