ന്യൂദല്‍ഹി- ലോകത്ത് പട്ടിണി ഏറ്റവും ഗുരുതരമായ രാജ്യങ്ങളില്‍ ഇന്ത്യയും. ഈ വര്‍ഷത്തെ ആഗോള പട്ടിണി സൂചികയിലുള്ള 117 രാജ്യങ്ങളുടെ പട്ടികയില്‍ 102 ാം സ്ഥാനത്താണ് ഇന്ത്യ. 2015ല്‍ രാജ്യം 93-ാം സ്ഥാനത്തായിരുന്നു. ഇന്ത്യ ജനസംഖ്യ കൂടിയ രാജ്യമായതിനാല്‍ റിപ്പോര്‍ട്ട് ഏറെ പ്രസക്തമാണ്. പട്ടിണി ഏറ്റവും ഗുരുതരമായ 117 ാം സ്ഥാനത്തുള്ള രാജ്യം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്രിക്‌സ് രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ പിന്നിലാണ്. 2015 വരെ തുടര്‍ച്ചയായി വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഇന്ത്യയില്‍ വീണ്ടും പട്ടിണി കൂടുന്നുവെന്ന റിപ്പോര്‍ട്ട്.
തീവ്ര ദേശീയവാദം കാതലായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുകയാണെന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി
നേരത്തെ പാക്കിസ്ഥാന്‍ മാത്രമാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കു പിന്നിലുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ പട്ടികയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെക്കാള്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 94 ആണ് ഇക്കുറി പാക്കിസ്ഥാന്റെ സ്ഥാനം.
ജര്‍മന്‍ സന്നദ്ധ സംഘടനന വെല്‍ത്തംഗര്‍ഹില്‍ഫെ, ഐറിഷ് സന്നദ്ധ സംഘടന കണ്‍സേണ്‍ വേള്‍ഡ്വൈഡ് എന്നിവ ചേര്‍ന്നാണ് ആഗോള പട്ടിണി സൂചിക പുറത്തിറക്കുന്നത്. അതിസമ്പന്നരാജ്യങ്ങള്‍ ഒഴികെയുള്ള 117 രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാണ് പട്ടിക തയാറാക്കുന്നത്.
2014 മുതല്‍ 2018 വരെയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ കണക്കിലാണ് ഇന്ത്യയില്‍ പട്ടിണി കൂടുന്നുവെന്ന് വ്യക്തമാകുന്നത്. രാജ്യത്ത് പോഷകാഹാരം ലഭിക്കാത്ത കുട്ടികളുടെ എണ്ണം, പൊക്കത്തിനനുസരിച്ച് തൂക്കക്കുറവും പ്രായത്തിനനുസരിച്ച് ഉയരക്കുറവുമുള്ള അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ശതമാനം, ശിശുമരണനിരക്ക് തുടങ്ങി വിവിധ കണക്കുകള്‍ പരിശോധിച്ചാണ് സൂചിക തയാറാക്കിയത്.
രാജ്യത്ത് അഞ്ച് വയസ്സിന് താഴെയുള്ള 20.8 ശതമാനം കുട്ടികള്‍ക്കും ഉയരത്തിനനുസരിച്ചുള്ള തൂക്കമില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് ലോകത്ത് മറ്റേത് രാജ്യത്തെക്കാളും മുകളിലാണ്. ഇന്ത്യയുടെ മോശം സ്‌കോര്‍ പരിഗണിച്ചാല്‍ ദക്ഷിണേഷ്യയുടെ നില മധ്യ ആഫ്രിക്കയെക്കാളും മോശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ ആറു മാസം മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ 9.6 ശതമാനം കുട്ടികള്‍ക്ക് മാത്രമേ ശരിയായ പോഷകാഹാരം ലഭിക്കുന്നുള്ളൂ. കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ പഠനത്തില്‍ പോഷകാഹാരം ലഭിക്കുന്നത് 6.4 ശതമാനം മാത്രം കുട്ടികള്‍ക്കാണെന്നാണ് കണ്ടെത്തിയിരുന്നത്. സ്ഥിതി മെച്ചപ്പെടുത്തിയ അയല്‍രാജ്യമായ ബംഗ്ലാദേശിനെ റിപ്പോര്‍ട്ടില്‍ അഭിനന്ദിക്കുന്നുണ്ട്.