Sorry, you need to enable JavaScript to visit this website.

തീവ്ര ദേശീയവാദം കാതലായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്ന് നൊബേല്‍ ജേതാവ്

ന്യൂദല്‍ഹി- തീവ്ര ദേശീയവാദം ഇന്ത്യ പോലൊരു രാജ്യത്ത് ദാരിദ്ര്യം അടക്കമുള്ള കാതലായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്ന് ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാവും ഇന്ത്യന്‍ വംശജനുമായ അഭിജിത് ബാനര്‍ജി. ഇന്ത്യാ ടുഡെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കിട്ടത്. രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഒരു മിനിമം വേതനം ഉറപ്പുനല്‍കുന്ന പദ്ധതി അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയവാദം, സാമ്പത്തിക പുരോഗതി എന്നിവ സംബന്ധിച്ച ഇന്ത്യയുടെ മൗലികമായ ആശയങ്ങളില്‍ വിയോജിക്കാനുള്ള ഒരിടം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാനസികമായി ഞാന്‍ തീര്‍ത്തും ഒരു ഇന്ത്യക്കാരനാണെന്നും ഇന്ത്യയിലെ നേതാക്കള്‍ തന്റെ നൊബേല്‍ നേട്ടത്തില്‍ അഭിനന്ദിക്കുന്നത് ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനം നല്‍കുന്നുവെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. എന്റെ രാജ്യം എന്നു പറയുമ്പോള്‍ എല്ലായ്‌പ്പോഴും അത് ഇന്ത്യയാണ്. മറ്റൊരു ചോയ്‌സ് ഇല്ല. അത് തീര്‍ത്തും എന്നില്‍ ലീനമാണ്. ഇന്ത്യക്കാരുടെ കണ്ണിലൂടെയാണ് ഞാന്‍ എന്നെ നോക്കിക്കാണുന്നത്- അദ്ദേഹം പറഞ്ഞു. 

ഒരിക്കലും ദരിദ്ര പശ്ചാത്തലത്തില്‍ നിന്നല്ല വളര്‍ന്നത്. മാതാപിതാക്കള്‍ അക്കാദമിക് രംഗത്ത് സജീവമായിരുന്നവരാണ്. എന്നാല്‍ എന്റെ മുത്തച്ഛന്‍ കൊല്‍ക്കത്തയിലെ ഏറ്റവും വലിയ ചേരിക്കടുത്ത് ഒരു വീട് പണിതു. ചേരിയിലെ കുട്ടികള്‍ക്കൊപ്പമാണ് കളിച്ചു വളര്‍ന്നത്. ദാരിദ്ര്യത്തിന്റെ അനുഭവം അതുവഴി എനിക്ക് ലഭിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോലും പോകേണ്ടതില്ലല്ലോ എന്നോര്‍ത്ത് ചേരിയിലെ കുട്ടികളോട് എനിക്ക് അസൂയ പോലും തോന്നുന്നുണ്ട്-ബാനര്‍ജി അഭിമുഖത്തില്‍ പറയുന്നു.
 

Latest News