റിയാദ് - ഹുക്ക വിതരണത്തിന് കോഫി ഷോപ്പുകൾക്കും റസ്റ്റോറന്റുകൾക്കും പ്രത്യേക ലൈസൻസും അധിക നികുതിയും നിർബന്ധമാക്കിയതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഹുക്ക വിതരണം നിർത്തിവെച്ചു. മറ്റു ചില സ്ഥാപനങ്ങൾ ഉപയോക്താക്കളെ നഷ്ടപ്പെടാതെ നോക്കുന്നതിന് തൽക്കാലികമായി അധിക നികുതി സ്വയം വഹിക്കുന്നുണ്ട്. ഹുക്ക വിതരണം ചെയ്യുന്ന മേഖലയിൽ പ്രവർത്തിക്കുന്ന ചില കോഫി ഷോപ്പുകൾ പുതിയ നികുതി നിർബന്ധമാക്കിയതോടെ ഏറെക്കുറെ കാലിയായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ചില സ്ഥാപനങ്ങൾ പ്രവർത്തന മേഖല മാറ്റുന്നതിനും അടച്ചുപൂട്ടുന്നതിനും നിർബന്ധിതമായേക്കുമെന്നാണ് കരുതുന്നത്.
പുതിയ നിയമം നിലവിൽ വന്നതോടെ കോഫി ഷോപ്പുകളിലും റസ്റ്റോറന്റുകളിലും നഗരസഭകളും ബലദിയകളും പരിശോധന ശക്തമാക്കി. ഹുക്ക വിതരണം ചെയ്യുന്ന കോഫി ഷോപ്പുകളും റസ്റ്റോറന്റുകളും ഹുക്ക വിതരണവുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ ലഭ്യമാക്കുന്ന പ്രത്യേക ഇൻവോയ്‌സ് സിസ്റ്റം ഏർപ്പെടുത്തണമെന്ന് നഗരസഭകളും ബലദിയകളും കർശന നിർദേശം നൽകുന്നുണ്ട്. അധിക നികുതി ഈടാക്കാതിരിക്കൽ അടക്കമുള്ള നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ നഗരസഭകൾ അടപ്പിക്കുന്നുണ്ട്. സൗദിയിൽ സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും മൂന്നു വർഷം മുമ്പു മുതൽ സെലക്ടീവ് ടാക്‌സ് ബാധകമാക്കിയിരുന്നു. സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും 100 ശതമാനം അധിക നികുതിയാണ് ബാധകമാക്കിയിരിക്കുന്നത്. ഇതിന്റെ ചുവടു പിടിച്ചാണ് ഹുക്ക വിതരണത്തിനും സമാനമായി 100 ശതമാനം അധിക നികുതി ഇപ്പോൾ ബാധകമാക്കിയിരിക്കുന്നത്.
നിശ്ചിത ഫീസ് ഈടാക്കി റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ഉപയോക്താക്കൾക്ക് ഹുക്ക വിതരണം ചെയ്യുന്നതിന് ലൈസൻസ് അനുവദിക്കാനുള്ള തീരുമാനം കഴിഞ്ഞയാഴ്ചയാണ് പ്രാബല്യത്തിൽ വന്നത്. ഹുക്ക വിതരണം ചെയ്യുന്ന റസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകൾക്കും രണ്ടിനം ഫീസുകളാണ് ബാധകം. വാർഷിക ലൈസൻസ് ഫീസിനു പുറമെ ഓരോ മാസവും ആകെയുള്ള ഹുക്ക വിൽപനക്ക് തുല്യമായ തുകയും ഫീസ് ആയി അടക്കൽ നിർബന്ധമാണ്. ഈ ഫീസ് ഓരോ മാസാവസാനവും പ്രത്യേകം നിശ്ചയിച്ച അക്കൗണ്ടിലാണ് സ്ഥാപനങ്ങൾ അടക്കേണ്ടത്. ഇതോടൊപ്പം വിൽപന ഇൻവോയ്‌സുകളെക്കുറിച്ച വിശദമായ വിവരങ്ങളും സമർപ്പിക്കണം.
ഹുക്ക വിതരണം ചെയ്യുന്ന റസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകൾക്കും ബാധകമായ വാർഷിക ലൈസൻസ് ഫീസ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന നഗരങ്ങൾക്കും ഈ നഗരങ്ങളിലെ തന്നെ കൂടുതൽ ആകർഷകമായ സ്ഥലങ്ങൾക്കുമനുസരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. ഹുക്ക വിതരണം ചെയ്യുന്ന വ്യത്യസ്ത നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗം സ്ഥാപനങ്ങൾക്ക് 5000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെയാണ് വാർഷിക ഫീസ്. പ്രത്യേക പരിപാടികൾക്കിടെ ഹുക്ക വിതരണം ചെയ്യുന്നതിനുള്ള താൽക്കാലിക ലൈസൻസിന് 600 റിയാൽ മുതൽ 3000 റിയാൽ വരെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.