ദമാം- കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ വിൽപനക്ക് വെച്ച ബഖാല താൽക്കാലികമായി അടപ്പിക്കുന്നതിന് ദമാം ക്രിമിനൽ കോടതി വിധിച്ചു.
സൗദി പൗരൻ ഈസ അലി മുഹമ്മദ് മുദീഇന്റെ ഉടമസ്ഥതയിൽ അൽഹസയിൽ പ്രവർത്തിക്കുന്ന മനാറ ഹുസൈൻ മുഹമ്മദ് അബൂറാസ് ബഖാല അടപ്പിക്കുന്നതിനാണ് കോടതി വിധി. സ്ഥാപനത്തിന് പിഴ ചുമത്തിയിട്ടുമുണ്ട്. ബഖാലയിൽ കണ്ടെത്തിയ കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും വിധിയുണ്ട്.
സ്ഥാപനത്തിന്റെയും ഉടമയുടെയും പേരു വിവരങ്ങളും സ്ഥാപനം നടത്തിയ നിയമലംഘനവും സൗദി പൗരന്റെ ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.