ന്യൂദല്‍ഹി- ഐഎന്‍എക്‌സ് മീഡിയ കേസിലുള്‍പ്പെടുത്തി സിബിഐ അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് മുന്‍ ധനമന്ത്രി പി ചിദംബരത്തെ തിഹാര്‍ ജയിലില്‍ വച്ച് അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കോടതി അനുമതി നല്‍കി. സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാന്‍ ഇ.ഡിക്ക് അനുമതി നല്‍കിയിരിക്കുന്നത്. സിബിഐ അന്വേഷിക്കുന്ന ഐഎന്‍എക്‌സ് കേസിലെ തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. ചിദംബരത്തെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.
കോടതി രണ്ടു വഴികളാണ് നിര്‍ദേശിച്ചത്. കോടതി പരിസരത്ത് അര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കാന്‍ മറ്റൊരു ഹര്‍ജി നല്‍കുക അല്ലെങ്കില്‍ തിഹാര്‍ ജയിലില്‍ വച്ച് അറസ്റ്റ് ചെയ്യുക എന്നതായിരുന്നു നിര്‍ദേശം. ഇതില്‍ രണ്ടാമത്തേത് ഇ.ഡി തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ കോടതി പരിസരച്ച് വച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു ഇഡി ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇടപെട്ട് വ്യക്തിയുടെ അന്തസ്സിനെ മാനിക്കണമെന്നു പറയുകയായിരുന്നു. ഇതോടെയാണ് തിഹാര്‍ ജയിലില്‍ വച്ച് അറസ്റ്റ് ചെയ്യാമെന്ന നിര്‍ദേശം ഇഡി അംഗീകരിച്ചത്. ഇതു പ്രകാരം ബുധനാഴ്ച രാവിലെ ചിദംബരത്തെ അറസ്റ്റ് ചെയ്ത് വൈകിട്ട് നാലു മണിയോടെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടും.