അമൃത്സര്‍-ബിജെപിയുടെ മാതൃസംഘടനയായ ആര്‍ എസ് എസിനെ നിരോധിക്കണമെന്ന് പരമോന്നതസിഖ് നേതാവ് ഗിയാനി ഹര്‍പ്രീത് സിങ്. ആര്‍ എസ് എസിന്റെ നിലപാടുകള്‍ പുതിയ വിഭജനം സൃഷ്ടിച്ച് രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിഖ് വിശ്വാസികളുടെ പരമോന്നത മത പീഠമായ അകാല്‍ തഖ്തിന്റെ മുഖ്യ പുരോഹിതനാണ് ഹര്‍പ്രീത് സിങ്.
ആര്‍എസ്എസിനെ നിരോധിക്കണം. ആര്‍എസ്എസ് നേതാക്കളുടെ പ്രസ്താവനകള്‍ രാജ്യത്ത് താല്‍പര്യത്തിനെതിരാണ്. അത് വിദ്വേഷമുണ്ടാക്കുന്നതും പുതിയ വിഭജന രേഖ വരച്ച് രാജ്യത്തെ നശിപ്പിക്കുന്നതുമാണ്-അദ്ദേഹം പറഞ്ഞു. ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ് ജി പി സി) പ്രസിഡന്റ് ഗോബിന്ദ് സിംഗ് ലോംഗോവാളും ഭഗവതിന്റെ പ്രസ്താവനയ്ക്ക് എതിരെ പ്രതികരിച്ചിരുന്നു. ഭരണഘടന രാജ്യത്തെ എല്ലാ പൗരനും മത സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതിനെ അവഗണിച്ചു കൊണ്ട് ഹിന്ദു രാഷ്ട്ര അജണ്ട നടപ്പിലാക്കാനാണ് ഭാഗവത് ബോധപൂര്‍വം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.