മുംബൈ- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ ബിജെപി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രകടനപത്രികയില്‍ ആര്‍ എസ് എസ് സ്ഥാപകന്‍ വീര്‍ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന ആവശ്യം ഉന്നയിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന കേസില്‍ ക്രിമിനല്‍ വിചാരണ നേരിട്ടയാളാണ് സവര്‍ക്കറെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ഈ കുറ്റം കപൂര്‍ കമ്മീഷനും അന്വേഷിച്ചതാണ്. സവര്‍ക്കര്‍ കുറ്റക്കാരനാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നതായി ഈയിടെ ഒരു ലേഖനത്തില്‍ അവകാശപ്പെട്ടിരുന്നു. ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ, തിവാരി പറഞ്ഞു. ഗാന്ധിജി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കുന്ന രാജ്യത്ത് എന്തും സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ ദളിത് പിന്നാക്ക സംഘടനകളുമായി ചേര്‍ന്ന് മത്സര രംഗത്തുള്ള ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബിജെപിയുടെ ആവശ്യത്തിനെതിരെ രംഗത്തെത്തി. സവര്‍ക്കറെ കുറിച്ച് ചില വിവരങ്ങള്‍ എന്ന തലക്കെട്ടില്‍ അക്കമിട്ടു നിരത്തിയാണ് ഉവൈസി ആഞ്ഞടിച്ചത്. ഗാന്ധി കൊലക്കേസില്‍ ജീവന്‍ ലാല്‍ കമ്മീഷന്‍ സവര്‍ക്കര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി, ബലാത്സംഗത്തെ രാഷ്ട്രീയ ഉപകരണമാക്കണമെന്ന് വാദിച്ചു, ബലാത്സംഗത്തെ രാഷ്ട്രീയ ഉപകരണമാക്കാത്തതിന് ശിവാജിയെ വിമര്‍ശിച്ചു, ബ്രിട്ടീഷുകാരുടെ ഏറ്റവും അനുസരണയുള്ള സേവകനെന്ന് സ്വയം വിശേഷിപ്പിച്ചു, ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ആറു തവണ ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതി, ഹിറ്റ്‌ലറെ മാതൃകയാക്കുകയും ഹോളോകാസ്റ്റിനു ജൂതരെ കുറ്റപ്പെടുത്തുകയും ചെയ്തു, മുസ്ലിംകളേയും മറ്റു അഹിന്ദു വിഭാഗങ്ങളേയും ദേശീയതയ്ക്കു പുറത്തു നിര്‍ത്തണമെന്ന് വാദിച്ചു, ദ്വിരാഷ്ട്ര സിദ്ധാന്തത്തെ പിന്തുണച്ചു- എന്നിവയാണ് സവര്‍ക്കറുടേതായി ഉവൈസി അക്കമിട്ടു നിരത്തിയത്.