ന്യൂദല്‍ഹി- സാമ്പത്തിക നൊബേല്‍ നേടിയ ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് പ്രതികരിച്ച് അഭിജിത്ത് ബാനര്‍ജി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വലിയ അപകടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാനര്‍ജിയുടെ ആദ്യ പരാമര്‍ശം. ഇന്ത്യന്‍ സര്‍ക്കാര്‍ നല്ല രീതിയില്‍ നടപ്പാവുമെന്ന് ഉറപ്പുള്ള നയങ്ങളാണ് എടുക്കേണ്ടതെന്നും, അല്ലാതെ ഇത് നന്നായേക്കും എന്ന് കരുതി എടുക്കുന്ന നയങ്ങളല്ല വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.ഇന്ത്യയുടെ സാമ്പത്തിക മേഖല എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലാണ് നില്‍ക്കുന്നത്. ഓരോ കാര്യങ്ങള്‍ നടപ്പാക്കുമ്പോഴും സൂക്ഷിച്ച് നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ധനമന്ത്രി ജിഎസ്ടി നടപ്പാക്കിയതില്‍ വീഴ്ച്ചയുണ്ടെന്ന് പ്രതികരിച്ചിരുന്നു. പക്ഷേ അതിപ്പോള്‍ ഇന്ത്യയുടെ നിയമമായെന്നും മന്ത്രി പറഞ്ഞിരുന്നു. നേരത്തെ മോഡി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തെയും ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നോട്ടുനിരോധിച്ചതിന്റെ യുക്തി തനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ലെന്നാണ് ബാനര്‍ജി ഉന്നയിച്ചത്. ലോകരാജ്യങ്ങള്‍ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2000 നോട്ടുകള്‍ കൊണ്ടുവന്നത് ഏറ്റവും വലിയ അബദ്ധമായി മാറിയെന്നും, കള്ളപ്പണം പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും അഭിജിത്ത് ബാനര്‍ജി കുറ്റപ്പെടുത്തിയിരുന്നു.