ന്യൂദല്‍ഹി- ഇന്ത്യ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ മതിയാവില്ലെന്നും കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവു, ഡോ. മന്‍മോഹന്‍ സിങ് എന്നിവരുടെ നയങ്ങളാണ് പരിഹാരമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പര്‍ക്കല പ്രഭാകര്‍. ദി ഹിന്ദു ദിനപത്രത്തില്‍ തിങ്കളാഴ്ച എഴുതിയ ലേഖനത്തിലാണ് ബിജെപി സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാട്ടുന്നത്. നെഹ്‌റൂവിയന്‍ സാമ്പത്തിക ഘടനയെ കടന്നാക്രമിക്കുന്ന ബിജെപി രീതിയേയും അദ്ദേഹം വിമര്‍ശിച്ചു. ഇത് രാഷ്ട്രീയ കടന്നാക്രമണം മാത്രമായി തുടരുമെന്നും ഒരു സാമ്പത്തിക നയ വിമര്‍ശനമെന്ന തലത്തിലേക്ക് ഒരിക്കലും ഉയരില്ലെന്ന് തിരിച്ചറിയുന്നതില്‍ ബിജെപി ബുദ്ധി കേന്ദ്രങ്ങള്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം എഴുതുന്നു.
വിപണി നിയന്ത്രിത, ആഗോളവല്‍കൃത ആധുനിക ലോകത്ത് സമഗ്ര മാനവികത എന്ന നിര്‍മിതി എന്നത് ഒരു പ്രായോഗിക നയ പദ്ധതിയാക്കി മാറ്റാനാവില്ല. ബിജെപി ഇതു സ്വയം തിരച്ചറിയേണ്ടതുണ്ടെന്നും റാവു-മന്‍മോഹന്‍ സിങ് സാമ്പത്തിക നയഘടനയെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ബിജെപിയുടെ രാഷ്ട്രീയ പദ്ധതികളില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഒരു ബിംബമാക്കിയെങ്കില്‍ സാമ്പത്തിക നയഘടനയുടെ കാര്യത്തില്‍ നരസിംഹ റാവുവിനേയും അങ്ങനെ ആക്കാമെന്നും അദ്ദേഹം പറയുന്നു.
സാമ്പത്തിക രംഗം വെല്ലുവിളി നേരിടുകയാണെന്നും ഗുരുതര സാഹചര്യത്തിലാണമെന്നുമുള്ള കണക്കുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുമ്പോഴും സര്‍ക്കാര്‍ അത് നിഷേധിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇതു പരിഹരിക്കാന്‍ സര്‍ക്കാരിന് തന്ത്രപ്രധാനമായ കാഴ്ചപ്പാടുണ്ട് എന്നു വിശ്വസിക്കാന്‍ ഒരു വകുപ്പുമില്ലെന്നും അദ്ദേഹം പറയുന്നു.