മുംബൈ- എൻ.ഡി.എ സർക്കാരിന്റെ നോട്ട് നിരോധനം, അനവസരത്തിലുള്ള ജി.എസ്.ടി, ചങ്ങാത്ത മുതലാളിത്തം, നിഷ്‌ക്രിയ ആസ്തി എന്നിവയാണ് രാജ്യം മുമ്പെങ്ങുമില്ലാത്തവിധം സാമ്പത്തിക പ്രതിസന്ധിയിലാകാൻ കാരണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.
മഹാരാഷ്ട്രയിൽ പൽഗാർ ജില്ലയിൽ നിയമസഭയിലേക്ക് മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥി വിനോദ് നിക്കോളെയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തേയും ജനതയേയും രക്ഷിക്കാൻ ബിജെപിയേയും ശിവസേനയേയും തോൽപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയെ സഹായിക്കുന്നതിന് പൊതുമേഖല സ്ഥാപനമായ ബി എസ് എൻ എല്ലിനേയും എംടിഎൻഎല്ലിനേയും പൂട്ടിക്കാൻ സർക്കാർ ശ്രമിക്കുന്നതായും യെച്ചൂരി ആരോപിച്ചു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജയ് ഹിന്ദ് എന്ന മുദ്രാവാക്യത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ മുദ്രാവാക്യം ജിയോ ഹിന്ദ് ആണെന്നും യെച്ചൂരി പരിഹസിച്ചു.