ബറേലി- മാസം തികയാതെ പ്രസവിച്ച് നിമിഷങ്ങള്‍ക്കം മരിച്ച പിഞ്ചു മകളുടെ മൃതദേഹം അടക്കം ചെയ്യാന്‍ കുഴിയെടുത്ത അച്ഛന് ഞെട്ടിച്ച് അതേ കുഴിയില്‍ നിന്ന് മറ്റൊരു നവജാത ശിശുവിനെ മണ്‍കുടത്തില്‍ മൂടിയ നിലയില്‍ ജീവനോടെ ലഭിച്ചു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. മൂന്നടി താഴ്ചയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മണ്‍കുടം. വ്യാപാരിയായ ഹിതേഷ് കുമാര്‍ സിരോഹിക്കാണ് ഈ അസാധാരണ അനുഭവം. മരിച്ച കുഞ്ഞിനെ അടക്കിയ ഉടന്‍ കുടത്തില്‍ നിന്നു പുറത്തെടുത്ത കുഞ്ഞിന് പാല്‍ കൊടുത്ത സിരോഹി ഉടന്‍ ആശുപത്രിയിലെത്തിച്ച് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞ് അപകട നില തരണം ചെയ്തിട്ടുണ്ട്.
സിരോഹിയുടെ ഭാര്യ വൈശാലി യുപി പോലീസില്‍ എസ്.ഐ ആണ്. പ്രസവ വേദനയെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴു മാസം ഗര്‍ഭമുണ്ടായിരുന്ന വൈശാലി വ്യാഴാഴ്ച കുഞ്ഞിനു ജന്മം നല്‍കി. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കുഞ്ഞ് മരിക്കുകയും ചെയ്‌തെന്ന് പോലീസ് സുപ്രണ്ട് അഭിനന്ദന്‍ സിങ് പറഞ്ഞു. ഈ കുഞ്ഞിനെ അടക്കം ചെയ്യുന്നതിനിടെയാണ് ഏവരേയും അമ്പരിപ്പിച്ച് മണ്‍കുടത്തില്‍ ജീവനോടെ മറ്റൊരു കുഞ്ഞിനെ ലഭിച്ചത്.
ഈ കുട്ടിയെ കുഴിച്ചുമൂടിയവര്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ആരാണെന്നു വ്യക്തമല്ല. കുഞ്ഞിന്റെ ചകിത്സാ ചെലവുകള്‍ എംഎല്‍എ ഏറ്റെടുത്തു.