ഇന്ത്യയില്‍ മുസ്ലിംകളുടെ സന്തോഷത്തിനു കാരണം ഭരണഘടനയെന്ന് ഉവൈസി

ഹൈദരാബാദ്- ഹിന്ദുക്കളുടെ ഔദാര്യം കാരണമാണ് ഇന്ത്യയില്‍ മുസ്ലിംകള്‍ ഏറ്റവും സന്തോഷത്തോടെ കഴിയുന്നതെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി.

മുസ്ലിംകളെ വിദേശികളാക്കി മുസ്ലിം ചരിത്രം ഇല്ലാതാക്കാനോ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനോ ആര്‍.എസ്.എസിനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്‌കാരവും വിശ്വാസവും സത്വവുമൊക്കെ ഹിന്ദുത്വത്തിന് അടിയറവെക്കണമെന്നുള്ള ആര്‍.എസ്. എസ് നേതാവിന്റെ മോഹം നടപ്പില്ല.

ഇന്ത്യന്‍ മുസ്ലിംകളെ വിദേശ മുസ്ലിംകളുമായി ബന്ധിപ്പിച്ച് തന്നെ ഇന്ത്യക്കാരനല്ലാതാക്കാനാവില്ലെന്നും ഹിന്ദു രാഷ്ട്രമെന്നാല്‍ ഹിന്ദുമേധാവിത്വമാണെന്നും ഉവൈസി ട്വീറ്റ് ചെയ്തു.
ഇന്ത്യയില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെങ്കിലും ഇല്ലെങ്കിലും അത് ഭരണഘടന കാരണമാണെന്നും ഭൂരിപക്ഷത്തിന്റെ കനിവ് കൊണ്ടല്ലെന്നും ഉവൈസി പറഞ്ഞു.

 

Latest News