റോം - റഷ്യ ലോകകപ്പിൽ യോഗ്യത നേടാനാവാതെ കണ്ണീർ വാർത്ത ഇറ്റാലിയൻ ഫുട്ബോൾ പ്രേമികൾക്ക് ഇനി ചിരിക്കാം. തങ്ങളുടെ പ്രിയപ്പെട്ട അസ്സൂറിപ്പട വീണ്ടും ലോക ഫുട്ബോളിന്റെ ഉയരങ്ങളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിൽ യോഗ്യത നേടിക്കൊണ്ടാണ് ഇറ്റലി കരുത്ത് കാട്ടിയത്.
റോബർട്ടോ മാൻസിനിയെന്ന പ്രതിഭാധനനായ പരിശീലനകനുകീഴിൽ പുത്തനൂർജം കണ്ടെത്തിയ അസ്സൂറികൾ ഗ്രീസിനെ 2-0ന് തോൽപ്പിച്ചുകൊണ്ട് യൂറോ ബെർത്ത് ഉറപ്പിച്ചു. ഫിഫ ഒന്നാം റാങ്കുകാരായ ബെൽജിയത്തിനുശേഷം യൂറോ യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാണ് ഇറ്റലി.
ബൽജിയം ഉൾപ്പെടുന്ന ഐ ഗ്രൂപ്പിൽനിന്ന് റഷ്യയും യോഗ്യത നേടി. നിക്കോഷ്യയിൽ നടന്ന മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയ സൈപ്രസിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്താണ് റഷ്യയുടെ മുന്നേറ്റം.
ഗ്രൂപ്പ് ജെയിൽ കളിച്ച ഏഴ് മത്സരങ്ങളും ജയിച്ച് 21 പോയന്റോടെയാണ് ഇറ്റലിയുടെ കുതിപ്പ്. റോമിലെ ഒളിംപികോ സ്റ്റേഡിയത്തിൽ അസ്സൂറികളുടെ ട്രേഡ് മാർക്കായ നീല കുപ്പായത്തിനുപകരം പച്ച കുപ്പായമാണ് ഇറ്റാലിയൻ കളിക്കാർ അണിഞ്ഞത്. 1954നുശേഷം ആദ്യമായാണ് ഈ കളത്തിൽ ഇറ്റലി പച്ച ജഴ്സി അണിയുന്നത്.
ഒരു മണിക്കൂറോളം ഗ്രീസിന്റെ പ്രതിരോധ തന്ത്രത്തിനുമുന്നിൽ നീക്കങ്ങൾ പാളിപ്പോയെങ്കിലും അവസാന അര മണിക്കൂറിൽ ഇറ്റലി അവരുടെ ക്ലാസ് പുറത്തെടുത്തു. 63ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ചെൽസി മിഡ്ഫീൽഡർ ജോർജിഞ്ഞോയാണ് ടീമിനെ മുന്നിലെത്തിക്കുന്നത്. 78ാം മിനിറ്റിൽ യൂവെന്റസ് താരം ഫെഡെറിക്കോ ബെർണാഡെച്ചിയുടെ തകർപ്പൻ ഗോൾ ഇറ്റലിയുടെ വിജയത്തിന് അടിവരയിട്ടു.
അടുത്ത വർഷം യൂറോ കപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്നത് ഇതേ സ്റ്റേഡിയത്തിലായതിനാൽ ഇവിടത്തെ ഇറ്റലിയുടെ വിജയത്തിന് മധുരമേറെയാണ്. ചരിത്രത്തിൽ ആദ്യമായി 12 രാജ്യങ്ങളിലായാണ് അടുത്ത യൂറോ കപ്പ് നടക്കുക.
സൈപ്രസിനെതിരായ വിജയത്തോടെ എട്ട് കളികളിൽ ഏഴും ജയിച്ച് 21 പോയന്റ് നേടിയാണ് റഷ്യ യോഗ്യത ഉറപ്പാക്കിയത്. പഴയ സോവിയറ്റ് കാലത്തെ ഫുട്ബോൾ പ്രതാപം വീണ്ടെടുത്ത പ്രകടനമായിരുന്നു റഷ്യയുടേത്. ഡെനിസ് ചെറിഷേവ് രണ്ട് ഗോളടിച്ചു. മഗോമദ് ഒസ്ദോയേവ്, ആർട്ടം സ്യൂബ, അലെക്സാണ്ടർ ഗോളോവിൻ എന്നിവരും സ്കോർ ചെയ്തു. ഇരുപത്തെട്ടാം മിനിറ്റിൽ കോസ്റ്റാസ് ലൈഫിസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ സൈപ്രസ് പത്ത് പേരായി ചുരുങ്ങി.
യോഗ്യത നേടിക്കഴിഞ്ഞ ബെൽജിയം ജൈത്രയാത്ര തുടരുകയാണ്. ഇന്നലെ അവർ 2-0ന് കസാഖിസ്ഥാനെ തോൽപ്പിച്ചു. മിച്ചി ബാറ്റ്ഷുവായിയും, തോമസ് മ്യൂനിയറുമാണ് ഗോളുകൾ അടിച്ചത്.
യുവതാരം ജിയോർജിനിയോ വിയ്നാൾഡമിന്റെ ഇരട്ട ഗോളുകളിൽ ഹോളണ്ട് 2-1ന് ബെലാറസിനെ തോൽപ്പിച്ചു. 15 പോയന്റുമായി സി ഗ്രൂപ്പിൽ ഒന്നാമതാണിപ്പോൾ ഡച്ച് പട.
ഡി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ അയർലന്റിനെ, ജോർജിയ ഗോൾരഹിത സമനിലയിൽ തളച്ചു. സ്വിറ്റ്സർലാന്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ഡെൻമാർക്ക് പ്രതീക്ഷ നിലനിർത്തി.
എഫ് ഗ്രൂപ്പിൽ ഒന്നാമതുള്ള സ്പെയിനെ നോർവേ സമനിലയിൽ തളച്ചു, 1-1. മാൾട്ടയെ എതില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത സ്വീഡനും, ഫാറോ ഐലന്റ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച റുമേനിയയും പ്രതീക്ഷ നിലനിർത്തുന്നു.