Sorry, you need to enable JavaScript to visit this website.

ഞാനൊരു വൈകാരിക വ്യക്തിയാണ്, സിനിമാ വരുമാന പ്രസ്താവന പിൻവലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

ന്യൂദൽഹി- ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ഇല്ല എന്നതിനുള്ള തെളിവാണ് മൂന്നു സിനിമകൾ 120 കോടി രൂപ വാരിക്കൂട്ടിയത് എന്ന പ്രസ്താവന പിൻലവിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. '120 കോടി രൂപ വരുമാനം നേടിയ മൂന്നു സിനിമകളെക്കുറിച്ച് മുംബൈയിൽ ഇന്നലെ നടത്തിയ അഭിപ്രായങ്ങൾ വസ്തുതാപരമായി ശരിയായ പ്രസ്താവനയായിരുന്നു. ഇന്ത്യയുടെ ചലച്ചിത്ര തലസ്ഥാനമായ മുംബൈയിലായിരുന്നപ്പോഴാണ് ഞാൻ ഇത് പറഞ്ഞത്. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നതും നികുതി വഴി ഗണ്യമായ സംഭാവന നൽകുന്നതുമായ ചലച്ചിത്രമേഖലയിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് സർക്കാർ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചും ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി സാധാരണക്കാരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കുന്നുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
മാധ്യമങ്ങളുമായുള്ള സംഭാഷണത്തിന്റെ മുഴുവൻ വീഡിയോയും ലഭ്യമാണ്. എന്നിട്ടും എന്റെ പ്രസ്താവനയുടെ ഒരു ഭാഗം സന്ദർഭത്തിൽ നിന്ന് പൂർണ്ണമായും വളച്ചൊടിച്ചതിൽ ഞാൻ ഖേദിക്കുന്നു. ഒരു വൈകാരിക വ്യക്തിയായതിനാൽ ഞാൻ ഈ അഭിപ്രായം പിൻവലിക്കുന്നുവെന്നും രവി ശങ്കർ പ്രസാദ് വ്യക്തമാക്കി. 
മൂന്ന് ജനപ്രിയ സിനിമകൾ നേടിയത് 120 കോടി രൂപയാണെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന് തെളിവാണെന്നും മന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മുംബൈയിൽ വാർത്താസമ്മേളനത്തിനിടെ ഉയർന്ന ചോദ്യത്തിനായിരുന്നു രവി ശങ്കറിന്റെ മറുപടി. ഇത് വൻ ട്രോളുകൾക്കും പരിഹാസത്തിനും ഇരയായതോടെയാണ് മന്ത്രി പ്രസ്താവന പിൻവലിച്ചത്.
 

Latest News