ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദര പുത്രി ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ കവര്‍ച്ചയ്ക്കിരയായ കേസില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അതീവ സുരക്ഷയുള്ള വടക്കന്‍ ദല്‍ഹിയിലെ സിവില്‍ ലൈന്‍സ് പ്രദേശത്താണ് മോഡിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോഡിയുടെ മകള്‍ ദമയന്തി ബെന്‍ മോഡി കവര്‍ച്ചയ്ക്കിരയായത്. ബൈക്കിലെത്തിയ സംഘം ദമയന്തിയുടെ കയ്യില്‍ നിന്നും മൊബൈലുകളും പണവും രേഖകളുമടങ്ങിയ പഴ്‌സ് തട്ടിപ്പറിച്ച് കടന്നു കളയുകയായിരുന്നു. ബക്കിലെത്തിയ കവര്‍ച്ചക്കാരില്‍ ഒരാളായ നോനി എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തതെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ പറഞ്ഞു. സോനിപതിലെ ഭാര്യാമാതാവിന്റെ വീട്ടില്‍ നിന്നാണ് നോനിയെ പിടികൂടിയത്. പണവും വിവിധ രേഖകളും ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടതിന് നോനി പലതവണ പിടിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നോനിയുടെ സഹായി ബാദലിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ദല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം സിവില്‍ ലൈന്‍സിലെ ദല്‍ഹി ഗുജറാത്ത് സമാജ് ഭവനില്‍ എത്തിയപ്പോഴാണ് ശനിയാഴ് രാവിലെ ഏഴു മണിയോടെ ദമയന്തി കവര്‍ച്ചയ്ക്കിരയായത്. ഓട്ടോയില്‍ ഇവിടെ എത്തിയ ശേഷം ബാഗുകള്‍ പുറത്തിറക്കുകയായിരുന്നു. ഓട്ടോയുടെ അകത്ത് ഇരിക്കുകയായിരുന്ന തന്റെ മടിയില്‍ നിന്നാണ് ഹാന്‍ഡ് ബാഗ് തട്ടിയെടുത്ത് പ്രതികള്‍ മുങ്ങിയതെന്നും ദമയന്തി പറഞ്ഞു. 56000 രൂപയും രണ്ടു മൊബൈലുകളും ആധാര്‍ കാര്‍ഡുകളും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുമാണ് ബാഗിലുണ്ടായിരുന്നത്.