മുംബൈ- ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് മുന്നിൽ പോലീസ് സുരക്ഷ ശക്തമാക്കി. മുംബൈയിലെ ബാന്ദ്രയിലെ വീടിന് മുന്നിലാണ് സുരക്ഷ ശക്തമാക്കിയത്. ബിഗ് ബോസ് സീസൺ 13 ഇന്ത്യൻ സംസ്‌കാരത്തിന് വിരുദ്ധവും അശ്ലീലം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് പ്രതിഷേധം ശക്തമായതിന്റെ ഭാഗമായാണ് സുരക്ഷ ശക്തമാക്കിയത്. കർണി സേന പ്രവർത്തകരാണ് ബിഗ് ബോസ് സീസൺ 13-നെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കർണി സേന പ്രവർത്തകർ വെള്ളിയാഴ്ച സൽമാൻ ഖാന്റെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ബെഡ് ഫ്രൻഡ്‌സ് ഫോർ എവർ എന്ന ആശയം ബിഗ് ബോസ് 13-ൽ കൊണ്ടുവന്നതിനെതിരെയാണ് കർണി സേനയടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.