റിയാദ്- സംഗീതം പെയ്തിറങ്ങിയ രാവിൽ ബി.ടി.എസ് ടീമിന്റെ ഉഗ്രൻ പ്രകടനത്തോടെ എഴുപത് ദിവസം നീണ്ടുനിൽക്കുന്ന റിയാദ് സീസൺ പരിപാടിക്ക് സമാരംഭം. റിയാദ് കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ബോയ് ബാന്റിന്റെ ഈണത്തിനും താളത്തിനുമനുസരിച്ച് ആവേശക്കൊടുമുടിയിലെത്തിയ ആസ്വാദകർ സംഗീത മാസ്മരികതയിൽ അലിഞ്ഞു ചേർന്നു. സൗദിയിൽ ഇതാദ്യമായാണ് ദക്ഷിണ കൊറിയൻ ടീമിന്റെ സംഗീത നിശ അരങ്ങേറിയത്. 50,000 ഓളം പേർ ചടങ്ങിന് സാക്ഷിയായി.
സീസണിന്റെ ഭാഗമായി സൗദി ഫാൽക്കൻ ക്ലബിന്റെ നേതൃത്വത്തിൽ ഫാൽക്കൻ പ്രദർശനം റിയാദ് കിംഗ് ഖാലിദ് എയർപോർട്ട് റോഡിലെ റിയാദ് ഫ്രന്റിൽ ആരംഭിച്ചു. 36,000 ചതുരശ്ര മീറ്റർ ചുറ്റളവിലുള്ള ഈ നഗരിയിൽ 30 ഓളം ഇനം ഫാൽക്കണുകളെയാണ് പ്രദർശനത്തിനെത്തിച്ചിട്ടുള്ളത്. ഫാൽക്കൻ പക്ഷികൾ ഉപയോഗിച്ചുള്ള വേട്ടയും അതിനുള്ള ഉപകരണങ്ങളും മറ്റും പ്രദർശനത്തിലുണ്ട്. 48 കമ്പനികളുടെ വിവിധയിനം വെടിക്കോപ്പുകളും പ്രദർശന നഗരിയുടെ മറ്റൊരു ഭാഗത്ത് സജ്ജമാക്കിയിട്ടുണ്ട്. അഞ്ചു ദിവസമാണ് ഈ പ്രദർശനമുള്ളത്. ഇന്ന് മറ്റ് പരിപാടികളൊന്നുമില്ല. നാളെ സൗദിയുടെ വിനോദ സഞ്ചാര മേഖലകളിലെ സാധ്യതകൾ വിലയിരുത്തുന്നതിനായി ലോകോത്തര വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന കൺവെൻഷനും മലസിൽ നടക്കും.