ലഖ്‌നൗ-ഝാന്‍സിയില്‍ യുവാവ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ രൂക്ഷ പ്രതികരണവുമായി അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ നിയമത്തിനൊന്നും ഒരു വിലയുമില്ലെന്നും, ആളുകള്‍ എവിടെ വേണമെങ്കിലും കൊല്ലപ്പെടുമെന്നും അഖിലേഷ് പറഞ്ഞു. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ നിയമത്തിന്റെ മറയില്‍ യുവാക്കളെ കൊലപ്പെടുത്തുകയാണെന്നും അഖിലേഷ് ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഏറ്റുമുട്ടല്‍ കൊല സംസ്ഥാനത്ത് വലിയ വിവാദമായിട്ടുണ്ട്. രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള പുരോഗമനം ഉണ്ടാവണമെങ്കില്‍ രാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങള്‍ നടപ്പാക്കണം. യുപിയിലെ സാഹചര്യം ഭീകരമാണ്. ആര്‍ക്കും യാതൊരു സുരക്ഷയുമില്ല. ആളുകള്‍ എവിടെ വേണമെങ്കിലും കൊല്ലപ്പെടാമെന്ന സാഹചര്യമാണ് ഉള്ളത്. പോലീസ് അല്ലെങ്കില്‍ ക്രിമിനലുകളാല്‍ കൊല്ലപ്പെടാമെന്ന അവസ്ഥയിലാണ് ജനങ്ങളുള്ളതെന്നും അഖിലേഷ് പറഞ്ഞു. ഗൊരഖ്പൂരിലെ ജയിലില്‍ വലിയ അക്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ എട്ട് മണിക്കൂറായി അവിടെ കലാപാന്തരീക്ഷമാണ് ഉള്ളത്. സ്വന്തം മണ്ഡലമായിട്ട് കൂടി യോഗി അവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും അഖിലേഷ് ആരോപിച്ചു. ഝാന്‍സിയില്‍ പുഷ്‌പേന്ദ്ര യാദവിനെ ഏറ്റുമുട്ടലില്‍ വധിച്ച പോലീസ് നടപടി പൈശാചികമാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി. പുഷ്‌പേന്ദ്ര യാദവിനെ കൊലപ്പെടുത്തിയ ശേഷം അത് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നു. ഇക്കാര്യം പോലീസ് പുറത്തുവിടണം. ഇത് ഏറ്റുമുട്ടല്‍ കൊലയായി പോലീസ് മാറ്റുകയായിരുന്നുവെന്നും അഖിലേഷ് ആരോപിച്ചു.