തേഞ്ഞിപ്പലം- മൂന്നര മാസം പ്രായമായ ആൺ കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.തുടർന്ന് ആത്്മഹത്യക്ക് ശ്രമിച്ച മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിന് സമീപത്ത് തേഞ്ഞിപ്പലം കോഹിനൂരിലെ തോട്ടത്തിൽ ചാട്ടുപാറക്കൽ അലവികുട്ടിയുടെ മകൾ അനീസ (32) ആണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കൊണ്ടോട്ടി മൊറയൂർ സ്വദേശി പനച്ചീരി ലുഖ്മാന്റെ ഭാര്യയാണ് അനീസ. ഇവരുടെ മൂന്നാമത്തെ മകനായ അനസിനെയാണ് സ്വന്തം വീട്ടിൽ വച്ച് അനീസ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മൊറയൂരിലെ ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ അനീസ ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നത്. തുടർന്ന് കയ്യിന്റെ ഞെരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ അനീസയുടെ പിതാവ് അലവികുട്ടിയും സഹോദരൻ നൗഷാദുമാണ് ഉണ്ടായിരുന്നത്. അർധരാത്രിയിൽ ബാത്ത് റൂമിൽ നിന്ന് ശബ്്ദം കേട്ട് ഇവർ ഓടി ചെന്നപ്പോൾ അനീസയെ കയ്യിൽ നിന്ന് രക്തം വാർന്ന നിലയിൽ കാണുകയായിരുന്നു. കുഞ്ഞിനെ മുറിയിൽ മരിച്ച നിലയിലും കണ്ടെത്തി. ഉടനെ അനീസയെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തിയിരുന്നു.
പതിനഞ്ച് വർഷം മുമ്പാണ് അനീസയുടെ വിവാഹം കഴിഞ്ഞത്. മൂന്നര മാസം മുമ്പ് കോഹിനൂരിലെ സ്വന്തം വീട്ടിലാണ് മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് 15 ദിവസം മുമ്പ് മൊറയൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് പോയിരുന്നു. മൂന്നു ദിവസം മുമ്പാണ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നത്. അനീസ-ലുഖ്മാൻ ദമ്പതികൾക്ക് ഹിബാൻ,ബിൻഹ ഫാത്തിമ എന്നീ രണ്ടു മക്കൾ കൂടിയുണ്ട്.
അനീസ അപകട നില തരണം ചെയ്തതായി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കി.അനീസനക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി സ്വന്തം വീട്ടുകാർ പറയുന്നുണ്ടെങ്കിലും ഭർതൃവീട്ടുകാർ ഇക്കാര്യം നിഷേധിക്കുകയാണ്. സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും തിരൂർ ഡിവൈ.എസ് പി.ജലീൽ തോട്ടത്തിലിന്റെ നേത്യത്വത്തിലുള്ള പോലീസും പരിശോധ നടത്തി. മ്യതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അനീസക്കെതിരെ പോലീസ് കൊലകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. തേഞ്ഞിപ്പലം സർക്കിൾ ഇൻസ്‌പെക്ടർ ജി.ബാലചന്ദ്രൻ,സബ് ഇൻസ്‌പെക്ടർ മാരായ ബിനു കെ തോമസ്, സുബ്രഹ്മണ്യൻ, ആബിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. അനീസയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.