മുംബൈ- ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ലെന്ന് കാണിക്കാന്‍ അസാധാരണ കണക്കുകള്‍ അവതരിപ്പിച്ച് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്. ഒക്ടോബര്‍ രണ്ടിന് മൂന്ന് സിനിമകള്‍ മാത്രം വാരിക്കൂട്ടിയത് 120 കോടി രൂപയാണെന്നും ഇതു കാണിക്കുന്നത് രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ല എന്നാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് വലിയ ചിരിയായിരുന്നു മന്ത്രിയുടെ പ്രതികരണം. ശേഷമാണ് സിനിമാ കണക്ക് ചൂണ്ടിക്കാട്ടിയത്. 'സിനിമകള്‍ വലിയ വ്യവസായമാണ്. ദേശീയ അവധി ദിനമായിരുന്നു ഒക്ടോബര്‍ രണ്ടിന് മൂന്ന് സിനിമകള്‍ മാത്രം 120 കോടി നേടിയെന്നാണ് സിനിമാ നിരൂപകന്‍ കോമള്‍ നഹ്ത എന്നോട് പറഞ്ഞത്. ഒരു ദിവസം 120 കോടി ലഭിച്ചു എന്നത് കാണിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണ് എന്നാണ്' അദ്ദേഹം പറഞ്ഞു.
ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനത്തിലെത്തിയിരുന്നു. വളര്‍ച്ച തിരിച്ചുപിടിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചു വരികയാണിപ്പോള്‍.