ന്യൂദല്‍ഹി- ദല്‍ഹിയിലെ പിടിച്ചുപറിക്കാരുടേയും മോഷ്ടാക്കളുടെ ശല്യം ഒരു പുതമയെ അല്ല. ഇത്തവണ സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മരുമകളാണ് തലസ്ഥാന നഗരത്തില്‍ പകല്‍ക്കൊള്ളയ്ക്ക് ഇരയായിരിക്കുന്നത്. മോഡിയുടെ സഹോദരന്റെ മകള്‍ ദമയന്തി ബെന്‍ മോഡിയുടെ പഴ്‌സും മൊബൈല്‍ ഫോണുകളുമാണ് ബൈക്കിലെത്തി കൊള്ളക്കാര്‍ തട്ടിപ്പറിച്ചു കടന്നുകളഞ്ഞത്. ഇവരെ പിടികൂടാനായില്ല. 56,000 രൂപയും രണ്ടു മൊബൈല്‍ ഫോണുകളും സുപ്രധാന രേഖകളുമാണ് നഷ്ടമായത്. വൈകീട്ട് വിമാനത്തില്‍ അടുത്ത യാത്രയുണ്ടായിരുന്നു. രേഖകളെല്ലാം നഷ്ടമായതോടെ ഇനി എങ്ങനെ യാത്ര ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണെന്ന് ദമയന്തി പറഞ്ഞു.
ദല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ വസതിയുടെ ഏതാനും കിലോമീറ്ററുകള്‍ക്കടുത്ത സിവില്‍ ലൈന്‍സിലെ ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിനു പുറത്തു വച്ച് ശനിയാഴ്ച രാവിലെയാണ് സംഭവം. അമൃത്സറില്‍ നിന്നും ദല്‍ഹിയില്‍ തിരിച്ചെത്തിയ ദമയന്തി ഗുജറാത്ത് സമാജ് ഭവനില്‍ മുറി ബുക്ക് ചെയ്തതായിരുന്നു. ഇവിടെ വന്നിറങ്ങിയപ്പോഴാണ് കൊള്ളസംഘം പഴ്‌സ് തട്ടിയെടുത്ത് മുങ്ങിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.