കൊൽക്കത്ത- ബംഗാളിൽ തൃണമൂലിനും ബി.ജെ.പിക്കുമെതിരെ സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകി. കോൺഗ്രസിന്റെ മുതിർന്ന നേതാവ് അബ്ദുൽ മന്നാനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം അബ്ദുൽ മന്നാൻ സോണിയാ ഗാന്ധിയെ അവരുടെ വീട്ടിലെത്തി രണ്ടു തവണ ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തിലെ രാഷ്ട്രീയ സ്ഥിതിഗതികൾ മന്നാൻ സോണിയാ ഗാന്ധിയോട് വിശദീകരിച്ചു. ബംഗാളിൽ ബി.ജെ.പിയുടെ വളർച്ച തടയാൻ ഏറ്റവും ഫലപ്രദമായ വഴി എന്ന നിലക്കാണ് ഈ നീക്കമെന്നാണ് സൂചന. സംസ്ഥാനത്ത് ബി.ജെ.പിക്കും തൃണമൂലിനും എതിരെ യോജിച്ച നീക്കം നടത്താൻ സോണിയ അനുമതിയും നിർദ്ദേശവും നൽകിയതായും മന്നാൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
പശ്ചിമബംഗാളിലെ മൂന്ന് അസംബ്ലി സീറ്റുകളിലേക്കായി നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്ഇടത് സഖ്യത്തിന് ഇരുപാർട്ടികളും തയ്യാറെടുത്തിരുന്നു.
വടക്കൻ ദിനാജ്പൂർ ജില്ലയിലെ കലിയഗഞ്ച് സീറ്റിലും വെസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ ഖരഗ്പൂരിലും കോൺഗ്രസ് ആണ് മത്സരിക്കുന്നത്.
സി.പി.ഐ.എം നേതൃത്വത്തിലുള്ള ലെഫ്റ്റ് ഫ്രണ്ട് നാദിയ ജില്ലയിലെ കരിംപൂർ സീറ്റിലും മത്സരിക്കും.