Sorry, you need to enable JavaScript to visit this website.

മോഡി-ഷി ജിന്‍പിങ് ഉച്ചകോടി ഇന്ന് സമാപിക്കും

മാമല്ലപുരം- പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ഇന്ന് രണ്ടാമത്തെ അനൗപചാരിക ചര്‍ച്ച നടത്തും. ഇന്നലെ വൈകിട്ട് ഇരുനേതാക്കളും ഇപ്പോള്‍ മാമല്ലപുരമെന്ന് അറിയപ്പെടുന്ന മഹാബലിപുരത്തെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു.
സാംസ്‌കാരിക പരിപാടികളും ചൈനീസ് പ്രസിഡന്റിന് ഒരുക്കി അത്താഴ വിരുന്നു സമയക്രമം തെറ്റിയാണ് നടന്നത്.  ഭീകരതയും തീവ്രവാദവും പൊതുവായ വെല്ലുവിളികളായി കണ്ട് ഒരുമിച്ച് നേരിടാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത വര്‍ഷം ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷികം വിപുലമായി നടത്താനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനും ഷി ജിന്‍പിങ് ആഹ്വാനം ചെയ്തു.

വെള്ളിയാഴ്ച രണ്ട് മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയിലാണ് ഇരു നേതാക്കളും സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്തത്. മോഡിയും ഷി ജിന്‍ പിങും അഞ്ച് മണിക്കൂറിലധികം സമയം ഒരുമിച്ച് ചെലവഴിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള നിരവധി പ്രശ്‌നങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ഇന്ത്യയില്‍ രണ്ടാമതും താന്‍ അധികാരത്തില്‍ വന്നിരിക്കുന്നത് ജനങ്ങളുടെ വലിയ പിന്തുണയോടെയാണെന്ന് മോഡി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനാണ് പിന്തുണ ലഭിച്ചത്. ഇതില്‍ ചൈനയ്‌ക്കൊപ്പം നില്‍ക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.

മോഡിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണെന്ന് ഷി ജിന്‍ പിങും അറിയിച്ചു. ദേശീയ തലത്തിലുള്ള കാഴ്ചപ്പാടുകളും ഭരണപരമായ കാര്യങ്ങളും മോഡി കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു.  ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് എത്താന്‍ വിസാ ചട്ടങ്ങളില്‍ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തേക്കുള്ള വിസ ചൈനീസ് പൗരന്മാര്‍ക്ക് നല്‍കുമെന്നാണ് ഇന്ത്യയുടെ പ്രഖ്യാപനം.

 

Latest News