റിയാദ് - ലോകത്ത് പൊതുകടം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയും. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദി അറേബ്യയുടെ പൊതുകടം 56,000 കോടി റിയാലാണ്. മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 19.1 ശതമാനമാണ് സൗദിയുടെ പൊതുകടം. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപാദനം 2.93 ട്രില്യൺ റിയാലാണ്.
ലോകത്ത് ആഭ്യന്തരോൽപാദനത്തിന്റെ അടിസ്ഥാനത്തിൽ പൊതുകടം ഏറ്റവും കൂടിയ രാജ്യം ജപ്പാനാണ്. ജപ്പാന്റെ പൊതുകടം മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 238.2 ശതമാനമാണ്. രണ്ടാം സ്ഥാനത്ത് ഗ്രീസ് ആണ്. മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 181.1 ശതമാനമാണ് ഗ്രീസിന്റെ പൊതുകടം.
പൊതുകടം കൂടിയ രാജ്യങ്ങളുടെ കൂട്ടത്തിൽ അഞ്ചു അറബ് രാജ്യങ്ങളുമുണ്ട്. ഇക്കൂട്ടത്തിൽ പെട്ട ലെബനോന്റെ പൊതുകടം മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 151 ശതമാനവും ജോർദാന്റെ പൊതുകടം 94.2 ശതമാനവും ബഹ്‌റൈന്റെ കടം 93.4 ശതമാനവും ജിബൂത്തിയുടെ കടം 90.7 ശതമാനവും ഈജിപ്തിന്റെ പൊതുകടം 90.5 ശതമാനവുമാണ്.
ലോകത്ത് പൊതുകടം ഏറ്റവും കുറഞ്ഞ രാജ്യം ബ്രൂണൈ ആണ്. മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 2.4 ശതമാനം മാത്രമാണ് ബ്രൂണൈയുടെ പൊതുകടം. രണ്ടാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്റെ കടം 7.1 ശതമാനവും മൂന്നാം സ്ഥാനത്തുള്ള എസ്റ്റോണിയയുടെ കടം 8.4 ശതമാനവും നാലാം സ്ഥാനത്തുള്ള എസ്വാറ്റിനിയുടെ കടം 10 ശതമാനവും തൊട്ടുപിന്നിലുള്ള ബുറുണ്ടിയുടെ കടം 13.2 ശതമാനവും ആണ്. റഷ്യയുടെ പൊതുകടം മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 13.5 ശതമാനവും കൈമാൻ ഐലന്റ്‌സിന്റെ പൊതുകടം 14.5 ശതമാനവും കുവൈത്തിന്റെ കടം 14.8 ശതമാനവും ലിബിയയുടെ പൊതുകടം 16.5 ശതമാനവും റിപ്പബ്ലിക് ഓഫ് കോംഗോയുടെ കടം 17 ശതമാനവും കൊസോവൊയുടെ കടം 17.1 ശതമാനവും ഫലസ്തീന്റെ പൊതുകടം 17.5 ശതമാനവും ക്യൂബയുടെയും നൈജീരിയയുടെയും കടങ്ങൾ 18.2 ശതമാനം വീതവും യു.എ.ഇയുടെ പൊതുകടം 18.6 ശതമാനവും ഗ്വിനിയയുടെ കടം 18.7 ശതമാനവുമാണ്.
ജപ്പാനും ഗ്രീസും അടക്കം പതിനാലു രാജ്യങ്ങളുടെ പൊതുകടം മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 100 ശതമാനത്തിലധികമാണ്. ഇക്കൂട്ടത്തിൽ പെട്ട ലെബനോന്റെ പൊതുകടം 151 ശതമാനവും ഇറ്റലിയുടെ കടം 134.8 ശതമാനവും കേപ് വെർഡിന്റെ കടം 124 ശതമാനവും പോർച്ചുഗലിന്റെ കടം 121.5 ശതമാനവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പൊതുകടം 117.7 ശതമാനവും മൊസാംബിക്കിന്റെ കടം 113 ശതമാനവും സിങ്കപ്പൂരിന്റെ പൊതുകടം 112.2 ശതമാനവും ഭൂട്ടാന്റെ പൊതുകടം 110.1 ശതമാനവും അമേരിക്കയുടെ പൊതുകടം 106.1 ശതമാനവും ജമൈക്കയുടെ പൊതുകടം 103.3 ശതമാനവും സൈപ്രസിന്റെ പൊതുകടം 102.5 ശതമാനവും ബെൽജിയത്തിന്റെ കടം 102 ശതമാനവുമാണ്.
സമീപ കാലം മുതലാണ് സൗദി അറേബ്യ വിദേശങ്ങളിൽ നിന്ന് കടമെടുക്കുന്നതിന് തുടങ്ങിയത്. അതിനു മുമ്പ് ആഭ്യന്തര വിപണയിൽ നിന്നാണ് സർക്കാർ വായ്പകളെടുത്തിരുന്നത്. 2016 ഒക്‌ടോബറിൽ ഡോളറിലുള്ള ബോണ്ടുകൾ പുറത്തിറക്കി സൗദി അറേബ്യ വിദേശത്തു നിന്ന് ധനസമാഹരണം നടത്തിയിരുന്നു. 1,750 കോടി ഡോളറിന്റെ ബോണ്ടുകളാണ് അന്ന് സൗദി അറേബ്യ പുറത്തിറക്കിയത്.