ന്യൂദല്‍ഹി- ഒക്ടോബര്‍ 18നകം എയര്‍ ഇന്ത്യ പ്രതിമാസ തുക അടച്ചില്ലെങ്കില്‍ ഇന്ധന വിതരണം നിര്‍ത്തി വെയ്ക്കുമെന്ന ഭീഷണിയുമായി എണ്ണക്കമ്പനികള്‍. അല്ലാത്തപക്ഷം ആറ് പ്രധാന ആഭ്യന്തര വിമാനത്താവളങ്ങളില്‍ ഇന്ധന വിതരണം നിര്‍ത്തിവയ്ക്കുമെന്ന് പിഎസ്യു ഓയില്‍ മേജര്‍മാര്‍ അറിയിച്ചു. പ്രതിമാസ പണമടയ്ക്കലിന്റെ അഭാവത്തില്‍ വിതരണം നിര്‍ത്തിവെക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ മൂന്ന് എണ്ണ പൊതുമേഖലാ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച എയര്‍ ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പറയുന്നു. ആഗസ്റ്റില്‍ എയര്‍ ഇന്ത്യ ഇന്ധന ബില്ലുകളില്‍ 5,000 കോടി രൂപ കുടിശ്ശിക വരുത്തിയെന്നും എട്ട് മാസമായി പേയ്‌മെന്റുകള്‍ വൈകുന്നതായും ഇന്ധന ചില്ലറ വ്യാപാരികള്‍ പറയുന്നു. ആഗസ്റ്റ് 22 ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ കൊച്ചി, മൊഹാലി, പൂനെ, പട്‌ന, റാഞ്ചി, വിശാഖ് എന്നീ ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണം നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഇടപെടലിന് ശേഷം സെപ്റ്റംബര്‍ 7 ന് ഇന്ധന വിതരണം പുനരാരംഭിച്ചു.