ഭോപ്പാല്‍- തായ്‌ലന്‍ഡില്‍ വാഹനാപകടത്തില്‍ മധ്യപ്രദേശ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ചു. പ്രജ്ഞ പലിവാള്‍ എന്ന 29 കാരിയാണ് അപകടത്തില്‍ മരിച്ചത്. യുവതിയുടെ ബന്ധുക്കള്‍ക്ക് പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സാധിക്കാത്തതിനാല്‍ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനായി സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് കുടുംബം.
അപകടവിവരം പ്രഞ്ജയുടെ സുഹൃത്താണ് മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ബന്ധുക്കളെ അറിയിച്ചത്. കുടുംബം എംഎല്‍എ അലോക് ചതുര്‍വേദിയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി കമല്‍നാഥിനെ വിവരമറിയിക്കുകയായിരുന്നു. ആവശ്യമെങ്കില്‍ വീട്ടുകാര്‍ക്ക് തായ്‌ലന്‍ഡിലെത്തി മൃതദേഹം ഏറ്റുവാങ്ങാനുള്ള സൗകര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. ഇതിനായി കുടുംബാംഗങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പ്രജ്ഞയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടെന്നും തടസ്സങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.