ശ്രീനഗര്‍- ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ശനിയാഴ്ച മുതല്‍ പുനരാരംഭിച്ചേക്കുമെന്ന് അധികൃതര്‍. പ്രീപെയ്ഡ് മൊബൈലുകള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കശ്മീര്‍ താഴ്വരയില്‍ ആകെയുള്ള 66 ലക്ഷം മൊബൈല്‍ ഉപഭോക്താക്കളില്‍ 40 ലക്ഷം പേരും പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്നവരാണ്.മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഉള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കശ്മീരിലേക്ക് വരുന്നില്ലെന്നും അതിനാല്‍ നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്നും ആവശ്യപ്പെട്ട് ടൂറിസം സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 17ഓടെ ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ക്കുള്ള നിയന്ത്രണം സര്‍ക്കാര്‍ ഭാഗികമായി നീക്കിയിരുന്നു. സെപ്റ്റംബര്‍ നാലോടെ 50000 ത്തോളം വരുന്ന ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന അനുച്ഛേദം 370 റദ്ദ് ചെയ്യുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെവിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ആഗസ്റ്റ് അഞ്ച്മുതല്‍നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്.