Sorry, you need to enable JavaScript to visit this website.

പീറ്റര്‍ ഹന്‍ഡ്‌കെ വംശഹത്യയെ പിന്തുണച്ചയാള്‍; സാഹിത്യ നൊബേല്‍ നല്‍കിയതില്‍ വലിയ പ്രതിഷേധം

ലണ്ടന്‍- ഓസ്ട്രിയന്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പീറ്റര്‍ ഹന്‍ഡ്‌കെയെ ഈ വര്‍ഷത്തെ സാഹിത്യ നൊബേലിനു തെരഞ്ഞെടുത്ത സ്വീഡിഷ് അക്കാദമിയുടെ തീരുമാനത്തിനെതിരെ ആഗോള തലത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നു. ബോസ്‌നിയയിലെ മുസ്ലിം വംശജരെ ഉന്മൂലനം ചെയ്ത കൂട്ടക്കൊലയെ അനുകൂലിച്ചും വംശഹത്യയിലെ പങ്കിന് ശിക്ഷിക്കപ്പെട്ട സെര്‍ബിയന്‍ മുന്‍ പ്രസിഡന്റ് സ്‌ളോബദോന്‍ മിലോസെവിചിനെ പിന്തുണച്ചു നിലപാടെടുക്കുകയും ചെയ്തയാളാണ് പീറ്റര്‍ ഹന്‍ഡ്‌കെ. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. സല്‍മാന്‍ റുഷ്ദി, ഹരി കുന്‍സ്‌റു, സ്ലാവോയ് സിസെക് തുടങ്ങിയ പ്രമുഖ എഴുത്തുകാരാണ് ഹന്‍ഡ്‌കെയ്ക്ക് നൊബേല്‍ നല്‍കിയതിനെതിരെ പരസ്യമായി രംഗത്തെത്തിയത്.

ബോസ്‌നിയ, അല്‍ബേനിയ, കൊസോവോ എന്നീ രാജ്യങ്ങളിലും സ്വീഡിഷ് അക്കാദമിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഒരു നൊബേല്‍ സമ്മാനം കാരണം ഓക്കാനിക്കേണ്ടി വരുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് അല്‍ബേനിയ പ്രധാനമന്ത്രി ഇദി റമ പ്രതികരിച്ചത്. നൊബേല്‍ അക്കാദമി പോലുള്ള ഒരു ഉന്നത സ്ഥാപനത്തില്‍ നിന്ന് കളങ്കിതമായ തെരഞ്ഞെടുപ്പു ഉണ്ടാകുമ്പോള്‍ നാണക്കേട് എന്നത് ഒരു പുതിയ മൂല്യമായി മാറിയിരിക്കുകയാണ്. വംശീയതയ്ക്കും വംശഹത്യയ്ക്കും മുമ്പില്‍ മരവിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

1999ല്‍ ആ വര്‍ഷത്തെ രാജ്യാന്തര വിഡ്ഢി പുരസ്‌ക്കാരത്തിന് അര്‍ഹനായ രണ്ടാമന്‍ എന്ന് നേരത്തെ റുഷ്ദി ഹഡ്‌കെയെ വിശേഷിപ്പിച്ചിരുന്നു. ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് റുഷ്ദി സാഹിത്യ നൊബേലിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്യുന്നു. 2006ല്‍ മിലോസെവിചിന്റെ സംസ്‌ക്കാര ചടങ്ങുകളിലും ഹന്‍ഡ്‌കെ പങ്കെടുത്തിട്ടുണ്ട്.

ഹന്‍ഡ്‌കെ മികച്ച എഴുത്തുകാരനാണെന്നും വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ മിലോസെവിച് ഭരണകൂടത്തിന്റെ ആരാധകനായിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന് നൊബേല്‍ നേരത്തെ ലഭിക്കേണ്ടതായിരുന്നെന്നും നോവലിസ്റ്റ് ഹരി കുന്‍സ്‌റു പറഞ്ഞു. 1990കളിലെ രക്തരൂക്ഷിതമായ ബോസ്്‌നിയന്‍ യുദ്ധകാലത്ത് സെര്‍ബുകള്‍ക്കു വേണ്ടി ശക്തമായ നിലകൊണ്ടയാളാണ് ഹന്‍ഡ്‌കെ. ബോസ്‌നിയയിലെ വംശഹത്യയെ അനുകൂലിച്ച് 1996ല്‍ ഹന്‍ഡ്‌കെ എഴുതിയ എ ജേര്‍ണി റ്റു ദി റിവേഴ്‌സ്: ജസ്റ്റിസ് ഫോര്‍ സെര്‍ബിയ എന്ന രചന വലിയ വിവാദമുണ്ടാക്കിയിരുന്നു. ബെല്‍ഗ്രേഡിലെ നാറ്റോ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം 1999ല്‍ പ്രശസ്ത ജര്‍മന്‍ പുരസ്‌ക്കാരമായ ബുഷ്‌നര്‍ പ്രൈസ് തിരിച്ചു നല്‍കിയിട്ടുമുണ്ട്. 


 

Latest News