Sorry, you need to enable JavaScript to visit this website.

കർണാടകയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ റെയ്ഡ്; നാലു കോടി പിടികൂടി

ബംഗളൂരു- കർണാടകയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഇൻകം ടാക്‌സ് അധികൃതർ നടത്തിയ റെയ്ഡിൽ നാലു കോടിയിലേറെ രൂപ പിടികൂടി. കർണാടക മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെയും സഹായികളുടെയും വീട്ടിൽ നടത്തിയ റെയ്ഡിലാണ് തുക കണ്ടെത്തിയത്. ബംഗളുരു, തുമാക്കുരു എന്നിവടങ്ങളിലെ പരമേശ്വരയുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. ഏകദേശം മുന്നൂറോളം ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. പരമേശ്വരയുടേതിന് പുറമെ, മുൻ എം.പി ആർ.എൽ ജാലപ്പയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. അനർഹരായ വിദ്യാർഥികൾക്ക് അൻപതും അറുപതും ലക്ഷം രൂപക്ക് മെഡിക്കൽ സീറ്റുകൾ അനുവദിച്ചുവെന്നാണ് ഇൻകംടാക്‌സ് അധികൃതർ ആരോപിക്കുന്നത്. അനധികൃത മെഡിക്കൽ പ്രവേശനത്തിന് വേണ്ടി നടത്തിയ ക്രമക്കേടുകളുടെ രേഖകളും പിടികൂടിയതായി ഇൻകംടാക്‌സ് വകുപ്പ് വ്യക്തമാക്കുന്നു. പരമേശ്വരയുടെ കുടുംബം നടത്തുന്ന സിദ്ധാർത്ഥ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിലാണ് മെഡിക്കൽ പ്രവേശനത്തിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നത്. പരമേശ്വരയുടെ അച്ഛൻ എച്ച്.എം ഗംഗാധരയ്യ 58 വർഷം മുമ്പാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചത്. അതേസമയം, റെയ്ഡിനെ പറ്റി വിവരമില്ലെന്നും എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാൽ തിരുത്തുമെന്നും പരമേശ്വര വ്യക്തമാക്കി.
 

Latest News