Sorry, you need to enable JavaScript to visit this website.

റഫാല്‍ നാരങ്ങാ പൂജ ന്യായീകരിച്ചവര്‍ക്ക് തിരിച്ചടിയായി മോഡിയുടെ 'നീംബു മിര്‍ചി ട്രോള്‍' പ്രസംഗം

ന്യൂദല്‍ഹി- ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ ആദ്യ റഫേല്‍ പോര്‍വിമാനം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ നാരങ്ങയും തേങ്ങയും ഉപയോഗിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പൂജയും ആചാരങ്ങളും ഉയര്‍ത്തിയ വിമര്‍ശനങ്ങളും ട്രോളുകളും ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇത് ഇന്ത്യന്‍ പാരമ്പര്യമാണെന്ന വിശദീകരണങ്ങളുമായി  ബിജെപിയും കേന്ദ്ര സര്‍ക്കാരും ന്യായീകരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഓര്‍ക്കാപുറത്തേറ്റ അടിയായി പുതിയൊരു വിഡിയോ വൈറലായത്. പുതിയ വാഹനങ്ങള്‍ ഇറക്കുമ്പോള്‍ നാരങ്ങയും മുളകുമൊക്കെ കെട്ടിത്തൂക്കുന്ന രീതിക്കെതിരെ കടുത്ത പരിഹാസവും വിമര്‍ശനവുമായി സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ നടത്തിയ പ്രസംഗമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. 2017ല്‍ മോഡി നടത്തിയ പ്രസംഗത്തില്‍ നാരങ്ങയും മുളകും കെട്ടിത്തൂക്കുന്നതിനെ അന്ധവിശ്വാസമെന്ന് വിളിച്ച് വ്യക്തമായി എതിര്‍ക്കുന്നുണ്ട്.

ഒരു മുഖ്യമന്ത്രി വാങ്ങിയ പുതിയ കാറില്‍ നാരങ്ങയും മുളകും കെട്ടിത്തൂക്കിയതിനെ വിമര്‍ശിച്ചു കൊണ്ടാണ് മോഡിയുടെ പ്രസംഗം. 'കാറില്‍ നാരങ്ങയും മുളകും കെട്ടിത്തൂക്കൂന്നവര്‍ രാജ്യത്തെ പിന്നോട്ടടിക്കുക മാത്രമാണ് ചെയ്യുന്നത്. സാങ്കേതികവിദ്യയുടെ ആധുനിക കാലത്ത് ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് സ്ഥാനമില്ല. ഇത്തരം ആളുകള്‍ എന്തു പ്രചോദനമാണ് ഈ നാടിന് നല്‍കുന്നത്?' മോഡി ചോദിക്കുന്നു. 

ഈ വിഡിയോയുടെ പല വകഭേദങ്ങളാണ് ട്വിറ്ററിലും യുട്യൂബിലും ഫേസ്ബുക്കിലുമെല്ലാം ഇപ്പോല്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്നത്. രാജ്‌നാഥ് റഫേല്‍ വിമാനത്തിനുമേല്‍ പൂജ ചെയ്യുന്ന ദൃശ്യങ്ങളും മോഡിയുടെ പ്രസംഗം ദൃശ്യം സംയോജിപ്പിച്ച് ട്രോളാക്കിയും ഈ വിഡിയോ കത്തിപ്പടരുകയാണ്. 

റഫേല്‍ പൂജയെ സംഭവത്തെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന സംഘപരിവാര്‍ സൈബര്‍ പടയാളികള്‍ക്ക് മോഡിയുടെ പ്രസംഗം കനത്ത പ്രഹരമായിരിക്കുകയാണ്.
 

Latest News